വാടകക്കെട്ടിടം അപകടാവസ്ഥയിൽ
ആലത്തൂർ: ആപത് ഘട്ടങ്ങളിൽ ജനങ്ങളുടെ രക്ഷയ്ക്കായി പാഞ്ഞെത്തുന്ന ആലത്തൂർ ഫയർസ്റ്റേഷനിലെ ജീവനക്കാർ തങ്ങളുടെ ജീവൻ ആരു സംരക്ഷിക്കുമെന്നറിയാത്ത അവസ്ഥയിലാണ്. കാരണം ഏതു നിമിഷവും പൊളിഞ്ഞു വീണേക്കാവുന്ന വാടക കെട്ടിടത്തിലാണ് ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ആലത്തൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കമ്മ്യൂണിറ്റി ഹാൾ കെട്ടിടത്തിലാണ് ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. 1980ൽ നിർമ്മിച്ച കെട്ടിടം ഏത് നിമിഷവും നിലംപൊത്താമെന്ന അവസ്ഥയിലാണ്. തൂണുകളിലെയും സീലിംഗിലെയും കമ്പികൾ പുറത്തു കണ്ടുതുടങ്ങി. ആലത്തൂർ താലൂക്കിലെ 14 പഞ്ചായത്തുകളിലായി രക്ഷാപ്രവർത്തന പരിധി വ്യാപിച്ചു കിടക്കുന്ന അഗ്നിരക്ഷാസേനയിലെ ജീവനക്കാർ രാത്രി തങ്ങുന്നതും ഇതേ കെട്ടിടത്തിലാണ്.
ആലത്തൂർ ഫയർ സ്റ്റേഷൻ കെട്ടിടം 2000 മുതൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് പ്രവർത്തിച്ചു വരുന്നത്.
രാത്രി സേവനം അനിവാര്യമായതിനാൽ ദിവസേന ഡ്യൂട്ടിയിലുള്ള പത്തോളം ജീവനക്കാർ ഈ കെട്ടിടത്തിലാണ് താമസിക്കുന്നത്.
ആകെ 42 ജീവനക്കാരാണ് ഇവിടെയുള്ളത്.
മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴായി
ആലത്തൂർ: അപകടാവസ്ഥയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആലത്തൂർ ഫയർ സ്റ്റേഷൻ പുതിയ കെട്ടിടത്തിലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി 2022 സെപ്തംബറിൽ നിയമസഭയിൽ നൽകിയ ഉറപ്പ് പാഴായി. നിലവിലെ കെട്ടിടത്തിൻ്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ച് കെ.ഡി.പ്രസേനൻ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച സബ് മിഷന് മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചിരുന്നത്. ജലസേചന വകുപ്പ് കൈമാറിയ കുഴൽമന്ദത്തെ 50 സെൻ്റ് സ്ഥലത്തിൽ കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ നടന്നുവരികയാണ്. അതിന്റെ നിർമ്മാണം പൂർത്തിയാകുംവരെ മറ്റൊരു കെട്ടിടത്തിലേക്ക് നിലയത്തിൻ്റെ പ്രവർത്തനം മാറ്റാൻ അടിയന്തിര നടപടി സ്വീകരിച്ചു വരുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ അതിനു ശേഷം വർഷം രണ്ടാകാറായിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല. വാട്ടർ ലോറി, എം.ടി.യു, ഹോം ടെണ്ടർ, ബൊലേരോ, ബുള്ളറ്റ് തുടങ്ങിയ വാഹനങ്ങൾ സ്വന്തമായുള്ള ഫയർസ് സ്റ്റേഷന് സ്ഥലപരിമിതിയും പ്രതികൂലമാണ്. കുഴൽമന്ദം ചിതലിയിലെ പുതിയ കെട്ടിടം നിർമ്മാണം പൂർത്തിയാകുംവരെ കാത്തിരിക്കാതെ താൽക്കാലികമായെങ്കിലും വേറൊരു സ്ഥലത്തേക്ക് മാറണമെന്ന് ജീവനക്കാരും പറയുന്നു.