palakkad

കാലവർഷം തുടങ്ങിയതോടെ കൊല്ലങ്കോട് ഗ്രാമം ഉണർന്നു. വിശാലമായ വയലേലകൾ, കുന്നുകൾ, വെള്ളച്ചാട്ടം.... അങ്ങനെ ഒരു പകൽ മുഴുവൻ ചുറ്റിക്കറങ്ങിയാലും കണ്ടുതീരാത്തത്രയും ഗ്രാമ കാഴ്ചകളാണ് വിനോദ സഞ്ചാരികളെ വരവേൽക്കുന്നത്. സഞ്ചാരികൾ ഇഷ്ടപ്പെടുന്ന ചെറുതും വലുതുമായ നിരവധി കേന്ദ്രങ്ങളുണ്ട് കൊല്ലങ്കോട്.

ടൂറിസം കേന്ദ്രമായി മാറിയതോടെ കൊല്ലങ്കോട് പഞ്ചായത്ത് കാർഷിക ടൂറിസത്തിനായി ഒരു കോടി രൂപയാണ് ഇക്കഴിഞ്ഞ ബഡ്ജറ്റിൽ വകയിരുത്തിയത്. ഉത്തരവാദിത്വ ടൂറിസം പദ്ധതിയിലൂടെ കർഷകർക്ക് മികച്ചൊരു വരുമാനമാർഗം കൂടിയാണ് പഞ്ചായത്ത് ഇതിലൂടെ ലക്ഷ്യമിടുന്നത്. ടൂറിസം വികസനത്തിനൊപ്പം നിരവധി തൊഴിലവസരങ്ങളും ഇതോടെ കൊല്ലങ്കോട് കടന്നുവരും. ഫാം ടൂറിസം, ഫുഡ് കോർട്ട് തുടങ്ങിയവയും ടൂറിസം പദ്ധതിയോട് അനുബന്ധിച്ച് നടപ്പാകും. വിശാലമായ വയലേലകളും ഗ്രാമഭംഗിയും നാടൻ രുചികളും തേടി സഞ്ചാരികൾ വന്നുതുടങ്ങിയതോടെ കർഷകരുടെ നേതൃത്വത്തിൽ ഹോം സ്‌റ്റേകളും കൊല്ലങ്കോട് തുടങ്ങിയിട്ടുണ്ട്. കളപ്പുരക്കാവ്, ചെല്ലപ്പൻ ചേട്ടന്റെ ചായക്കട, അയ്യപ്പേട്ടന്റെ കട, കുടിലിടം, സീതാർകുണ്ട് വെള്ളച്ചാട്ടം, പാത്തിപാറ വെള്ളച്ചാട്ടം, വെള്ളരിക്കുണ്ട് വെള്ളച്ചാട്ടം, ചിങ്ങൻചിറ കറുപ്പുസ്വാമി ക്ഷേത്രം, പലകപ്പാണ്ടി വെള്ളച്ചാട്ടം തുടങ്ങിയ സ്ഥലങ്ങളെ കോർത്തിണക്കിയാണ് പദ്ധതി. സഞ്ചാരികളുടെ വരവ് വർദ്ധിച്ചതോടെ മാലിന്യ പ്രശ്നം രൂക്ഷമാണ്. ഇതിനു പരിഹാരമായി പഞ്ചായത്ത് മിനി എം.സി.എഫ് സ്ഥാപിച്ചിട്ടുണ്ട്. കുടുംബശ്രീ മുഖാന്തരം സ്ത്രീകൾക്ക് ജോലി നൽകാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.

 വെള്ളിക്കൊലുസണിഞ്ഞ് തെന്മല

മഴയെത്തിയതോടെ തെന്മല വെള്ളിക്കൊലുസിട്ട് അണിഞ്ഞൊരുങ്ങി. ചെറുതും വലുതുമായ 18 ഓളം വെള്ളച്ചാട്ടങ്ങളാണ് മഴയെത്തിയതോടെ സജീവമായത്. ചെമ്മണാമ്പതി മുതൽ എലവഞ്ചേരി വളവടിയിലെ നീർച്ചാട്ടക്കുന്ന് വരെയുള്ള 18 വെള്ളച്ചാട്ടങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന മഴയിൽ സജീവമായത്. പലകപ്പാണ്ടി, സീതാർകുണ്ട്, നിന്നുകുത്തി, ചുക്രിയാൽ, പാത്തിപ്പാറ, കുരങ്ങ്‌തോട് എന്നീ വെള്ളച്ചാട്ടങ്ങൾ നിറഞ്ഞൊഴുകുന്നത് ആറ് കിലോമീറ്റർ ദൂരപരിധിയിൽ ദൃശ്യമാണ്. വെള്ളച്ചാട്ടം കാണാൻ ധാരാളം സഞ്ചാരികൾ എത്തുന്നുണ്ട്.

നെല്ലിയാമ്പതി മലമുകളിൽ നിന്നും ഒഴുകിയിറങ്ങുന്ന പലകപ്പാണ്ടി വെള്ളച്ചാട്ടം ആരെയും ആകർഷിക്കുന്നതാണ്. ജൂൺ മാസത്തിൽ സജീവമാകുന്ന ഈ വെള്ളച്ചാട്ടങ്ങൾ ഡിസംബർ വരെയും കാണാനാകും എന്നതാണ് പ്രത്യേകത. പലകപ്പാണ്ടി വെള്ളച്ചാട്ടത്തിന് താഴെയുള്ള തടയണയും അവിടെനിന്ന് ചുള്ളിയാർ ഡാമിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലുമെല്ലാം ദൃശ്യഭംഗിയുടെ മാറ്റുകൂട്ടുന്നു. പലകപ്പാണ്ടി വെള്ളച്ചാട്ടത്തിന് കിഴക്കായി സുക്കരിയാൽ എന്ന വെള്ളച്ചാട്ടവുമുണ്ട്. കൊല്ലങ്കോട് നിന്ന് ഇടച്ചിറ, കള്ളിയമ്പാറ വഴി പത്തുകിലോമീറ്ററോളം സഞ്ചരിച്ചാൽ പലകപ്പാണ്ടിയിലെത്താം. ജീപ്പാണെങ്കിൽ വെള്ളച്ചാട്ടത്തിനടുത്തു വരെ പോകാം. മറ്റു വാഹനങ്ങൾ മാത്തൂരിൽ നിർത്തിയിട്ട് ഒരു കിലോമീറ്ററോളം നടക്കണം.

 ചെർപ്പുളശേരി നീർപ്പാലം ടൂറിസം കേന്ദ്രമാക്കണം

പനങ്കൂട്ടങ്ങളുടെയും പാടത്തിന്റെയും പച്ചപ്പിൽ കാഴ്ചവിരുന്നൊരുക്കുന്ന തൃക്കടീരി - കിഴൂർ റോഡ് കരിയാമുട്ടി നീർപ്പാലം ടൂറിസം കേന്ദ്രമാക്കണമെന്ന ആവശ്യം ശക്തമാണ്. മൂന്നുപതിറ്റാണ്ടിന് മുമ്പ് കാർഷികാവശ്യത്തിന് വേണ്ടി നിർമ്മിച്ച നീർപ്പാലം പ്രകൃതിഭംഗിയാൽ അനുഗ്രഹീതമാണ്. താഴെ കാഞ്ഞിരപ്പുഴ കനാലും മുകളിൽ വാഹനങ്ങൾക്ക് പോകുന്നതിനുള്ള റോഡുമുണ്ട്. നീർപ്പാലത്തിന് സമീപം വന്യസൗന്ദര്യമൊരുക്കി കൂനൻ മലനിരകളും കാണാം. പാലത്തിനു ചുറ്റും നെൽക്കൃഷിയും വിവിധതരം പച്ചക്കറിക്കൃഷിയുമുണ്ട്. പാലം കാണാനും പ്രകൃതിഭംഗി നുകരാനും നിലവിൽ ഇവിടേക്കു ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുള്ള സഞ്ചാരികളുടെ ഒഴുക്കാണ്. വാരാന്ത്യത്തിലാണ് കൂടുതൽ തിരക്ക്.

മോഹൻലാലിന്റെ 'ആറാം തമ്പുരാൻ', രജനീകാന്തിന്റെ 'മുത്തു', ദിലീപും മഞ്ജു വാര്യരും അഭിനയിച്ച 'ഈ പുഴയും കടന്ന്', ജയറാം നായകനായ 'കാരുണ്യം' തുടങ്ങി ഒട്ടേറെ മലയാളം, തമിഴ് ഹിറ്റ് സിനിമകളും നൂറുകണക്കിനും സീരിയലുകളും ആൽബങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. മുൻ കാലങ്ങളിൽ ഒറ്റപ്പാലം ഭാഗങ്ങളിൽ ചിത്രീകരിക്കുന്ന സിനിമകളുടെ ഒരു സീനെങ്കിലും ഇവിടെ നിന്നായിരിക്കുമെന്ന പ്രത്യേകത ഉണ്ടായിരുന്നു. എന്നാൽ കുറച്ചു വർഷങ്ങളായി സിനിമാലോകം നീർപ്പാലത്തിൽ എത്തുന്നില്ല. കിഴൂർ പണിക്കർക്കുന്നിലെ അനങ്ങൻമല ഇക്കോടൂറിസം കേന്ദ്രത്തിൽ നിന്ന് അധികം ദൂരമില്ല ഇവിടേക്ക്. ഇക്കോടൂറിസം കേന്ദ്രം കാണാനെത്തുന്നവരിൽ ഭൂരിഭാഗവും നീർപ്പാലത്തിലും എത്തുന്നുണ്ട്. അയൽജില്ലകളിൽ നിന്നുൾപ്പെടെ നവവധൂവരന്മാർ വിവാഹ വിഡിയോ ചിത്രീകരിക്കാനായി എത്തുന്നത് തുടരുന്നു.

 കാടനുഭവത്തിന് കവറക്കുന്ന് ബംഗ്ലാവ്

കാനന നടുവിൽ, കരിമലയ്‌ക്കു താഴെ ഒരുദിവസം താമസിക്കാൻ മോഹമുള്ളവർ ഒട്ടും ആലോചിക്കാതെ ധോണിയിലേക്ക് വണ്ടികയറാം. ധോണി കവറക്കുന്ന് ബംഗ്ലാവ് സന്ദർശകർക്കായി തുറന്നുകിടക്കുന്നുണ്ട്. ബ്രിട്ടീഷുകാർ 1920ൽ നിർമ്മാണം ആരംഭിച്ച്‌ 1925ൽ പൂർത്തിയാക്കിയ ബംഗ്ലാവാണിത്‌. തകർന്ന്‌ തരിപ്പണമായ ബംഗ്ലാവ്‌ ഇക്കോ ടൂറിസത്തിന്റെ ഭാഗമായി പുനർനിർമ്മാണം നടത്തിയാണ്‌ സഞ്ചാരികൾക്ക് തുറന്നുനൽകിയത്‌. ജനുവരിയിലാണ്‌ 50 ലക്ഷം രൂപ ചെലവിൽ ബംഗ്ലാവ്‌ നവീകരിച്ചത്‌. രണ്ടുമുറികൾ, ഭക്ഷണ ഹാൾ, സ്വീകരണമുറി, അടുക്കള, ശുചിമുറി സൗകര്യമുണ്ട്. ബ്രിട്ടീഷ് - ഇന്ത്യൻ ശൈലിയിലുള്ള കെട്ടിടത്തിൽ തേക്കിൻ തടിയിൽ ഒരുക്കിയ വാതിലുകളും ജനലുകളും ആകർഷകമാണ്‌. സോളാർ വൈദ്യുതിയും ലഭ്യമാണ്. വന്യമൃഗങ്ങളിൽ നിന്ന് സുരക്ഷയ്‌ക്കായി വൈദ്യുതി വേലിയും ഒരുക്കിയിട്ടുണ്ട്. ധോണി മുതൽ കവറക്കുന്ന് വരെയുള്ള ട്രക്കിങ്, ധോണി വെള്ളച്ചാട്ടം, പാണ്ടൻകല്ല്‌ ട്രക്കിങ്, പക്ഷി നിരീക്ഷണം എന്നിവ ഉൾപ്പെടുന്ന പാക്കേജാണ്‌ വനംവകുപ്പ്‌ നൽകുന്നത്‌. ഭക്ഷണമുൾപ്പെടെ ബംഗ്ലാവിൽ ഒരുദിവസത്തെ താമസത്തിന് രണ്ട് പേർക്ക് 7000 രൂപ നൽകണം. കൂടുതൽ കിടക്ക വേണമെങ്കിൽ ഒന്നിന്‌ 2000 രൂപയും നൽകണം.

പുതുപ്പരിയാരം പഞ്ചായത്തിലെ മുല്ലക്കര ആദിവാസി വനസംരക്ഷണ സമിതിക്കാണ് മേൽനോട്ടച്ചുമതല. പാലക്കാട് ടൗണിൽനിന്നും മലമ്പുഴ അണക്കെട്ടിൽനിന്നും 15 കിലോമീറ്റർ മാത്രം അകലെയാണ് ധോണി. കവറക്കുന്ന് ബംഗ്ലാവ് കൂടി തുറന്നതോടെ ഇവിടേക്ക് വരുംദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ എത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷ.