രണ്ടാംഘട്ട പട്ടികയിൽ 100 ജില്ലകൾ
ഇരുജില്ലകളിലും പദ്ധതി ഉടൻ തുടക്കമാകും
ബോധവത്കരണ ക്യാമ്പുകൾ കൈകാര്യം ചെയ്യാൻ ജില്ലയിൽ പത്തുപേർ പരിശീലനം പൂർത്തിയാക്കി
പാലക്കാട്: സമൂഹത്തിൽ ലഹരി വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ആവിഷ്‌കരിച്ച 'നശ മുക്ത് ഭാരത്' (എൻ.എം.ബി.എ) പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ പാലക്കാടും തൃശൂരും ഇടംപിടിച്ചു. സാമൂഹ്യനീതി വകുപ്പ് കേന്ദ്രത്തിന് നൽകിയ ആക്ഷൻ പ്ലാന് അംഗീകരം ലഭിച്ചു. ഇതോടെ ഇരു ജില്ലകളിലും ലഹരി വിമുക്ത പരിപാടികൾ കൂടുതൽ സജീവമാകും.
20 ലക്ഷത്തിന്റെ നിർദ്ദേശമാണ് കേന്ദ്രത്തിന് നൽകിയതെങ്കിലും ആദ്യഘട്ടം പത്തുലക്ഷമാണ് അനുവദിച്ചിട്ടുള്ളത്. ഇരുജില്ലകളിലും പദ്ധതിക്ക് ഉടനെ തുടക്കമാകും. എക്‌സൈസ് വിമുക്തി, പൊലീസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ബോധവത്കരണ ക്യാമ്പുകൾ കൈകാര്യം ചെയ്യാൻ പാലക്കാട് ജില്ലയിൽ പത്തുപേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവർക്കുള്ള പരിശീലനം കോഴിക്കോട് ഇംഹാൻസിൽ പൂർത്തിയായി. ബോധവത്കരണ പരിപാടികൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റി കാമ്പസുകൾ, സ്‌കൂളുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ജിയോ ടാഗ് ചെയ്ത ആശുപത്രികളിലെയും പുനരധിവാസ കേന്ദ്രങ്ങളിലെയും കൗൺസലിംഗിലും ചികിത്സാ സൗകര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയാണ് ലക്ഷ്യം. ഒന്നാംഘട്ടത്തിൽ വിവിധ സംസ്ഥാനങ്ങളിലെ 272 ജില്ലകളെ തിരഞ്ഞെടുത്തപ്പോൾ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളാണ് ഇടംനേടിയത്. രണ്ടാംഘട്ടത്തിൽ 100 ജില്ലകളെ കൂടി ഉൾപ്പെടുത്തിയപ്പോഴാണ് പാലക്കാടും തൃശൂരും പട്ടികയിൽ ഉൾപ്പെട്ടത്.
ഇടപെടലുകൾ ഫലംകണ്ടു
2021 ജൂൺ 26നാണ് മയക്കുമരുന്ന് ദുരുപയോഗത്തിനും കള്ളക്കടത്തിനും എതിരായ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് എൻ.എം.ബി.എ പദ്ധതിക്ക് തുടക്കമിട്ടത്. 2023ലാണ് സാമൂഹ്യനീതി വകുപ്പ് അപേക്ഷ നൽകിയതെങ്കിലും കാലതാമസമുണ്ടായി. പിന്നീട് പലതവണ അപേക്ഷ നൽകിയെങ്കിലും അംഗീകാരം ലഭിച്ചിരുന്നില്ല. സാമൂഹ്യനീതി വകുപ്പിന്റെ നിരന്തര ഇടപെടലുകളാണ് എൻ.എം.ബി.എ പദ്ധതിയിലേക്ക് വഴിതുറന്നത്.
ലഹരി വിരുദ്ധ സന്ദേശം താഴേത്തട്ടിലെത്തിക്കും
സ്‌കൂൾ - കോളേജ് വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പി.ടി.എ അംഗങ്ങൾ, ജനപ്രതിനിധികൾ, അങ്കണവാടി പ്രവർത്തകർ, റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരെ പരിശീലന പരിപാടികളിൽ ഉൾപ്പെടുത്തി ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിന്റെ താഴെ തട്ടിൽ എത്തിക്കും. പ്രവർത്തനങ്ങൾ ഫലപ്രദമാക്കുന്നതിന് പൊലീസ്, ആരോഗ്യവകുപ്പ്, എക്‌സൈസ് തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനം ശക്തമാക്കും.