ചെർപ്പുളശേരി: സൗത്ത് പനമണ്ണ എൻ.വി.എ യു.പി സ്‌കൂൾ മുറ്റത്ത് അണിനിരന്ന ബഷീർ കഥാപാത്രങ്ങൾക്ക് സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ആവേശകരമായ സ്വീകരണം ഒരുക്കി. മജീദിനെയും സുഹറയെയും പാത്തുമ്മയെയും സൈനബയെയും സാറാമ്മയെയും, നാരായണിയെയും, കേശവൻ നായരെയുമെല്ലാം ആവേശത്തോടെ കയ്യടിച്ച് കുട്ടികൾ സ്‌കൂൾ മുറ്റത്തേക്ക് ആനയിച്ചു. ബഷീർ 'എഴുത്തും വരയും' എന്ന പേരിൽ വിദ്യാരംഗം കലാസാഹിത്യ വേദി നടത്തിയ പ്രവർത്തനം ഹെഡ്മാസ്റ്റർ സി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബഷീർ കൃതികളുടെയും ചിത്രങ്ങളുടെയും കഥാപാത്രങ്ങളുടെയും പ്രദർശനം നടത്തി. വിവിധ ക്ലാസുകൾ തയ്യാറാക്കിയ ബഷീർ പതിപ്പുകൾ പ്രകാശനം ചെയ്തു. കുട്ടികളുടെ പ്രസംഗങ്ങളും ക്വിസും സംഘടിപ്പിച്ചു. വി.കെ.രാംമോഹൻ, വി.പ്രിയ, പി.ശിഹാബുദ്ധീൻ, പി.സദരുദ്ധീൻ എന്നിവർ സംസാരിച്ചു.