pluse-one

പാലക്കാട്: ജില്ലയിലെ പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും, പാലക്കാട് ബാക്കിയുള്ളത് 3712 സീറ്റുകൾമാത്രം. 8145 വിദ്യാർത്ഥികളാണ് പ്രവേശനം കാത്ത് പുറത്തു നിൽക്കുന്നത്. കണക്കുകൾ പ്രകാരം 4433 വിദ്യാർത്ഥികൾ സ്വകാര്യമേഖലയെ ആശ്രയിക്കേണ്ടിവരും.

മറ്റു ജില്ലകളിൽ നിന്ന് ഇവിടെ അപേക്ഷിച്ച 136 വിദ്യാർത്ഥികളുണ്ട്. ഇവർക്ക് അവരുടെ ജില്ലകളിൽ അലോട്ട്‌മെന്റ് ലഭിക്കാനുള്ള സാദ്ധ്യത കുറവാണ്. ഒന്നാം അലോട്‌മെന്റിൽ അപേക്ഷയിലെ പിഴവുകാരണം അലോട്‌മെന്റ് നിഷേധിക്കപ്പെട്ട 91 വിദ്യാർത്ഥികളും ഇക്കൂട്ടത്തിലുണ്ട്. 672 പേരാണ് പുതുതായി അപേക്ഷിച്ചവർ. ബാക്കിയുള്ളവർ ആദ്യ മൂന്ന് അലോട്ട്‌മെന്റിലും സീറ്റ് ലഭിക്കാത്തവരാണ്‌.

ഏറ്റവും ഒടുവിൽ വിദ്യാഭ്യാസവകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം ജില്ലയിലെ 155 ഹയർസെക്കൻഡറി സ്‌കൂളുകളിലേക്കായി 27,826 വിദ്യാർത്ഥികളാണ് പ്രവേശനം നേടി ക്ലാസുകളിലെത്തിയിട്ടുള്ളത്. മെറിറ്റ് സീറ്റിൽ ഇതുവരെ 24,290 പേരാണ് പ്രവേശനം നേടിയിട്ടുള്ളത്. ആകെ 35,000ത്തോളം സീറ്റുകളാണ് ജില്ലയിലുള്ളത്

സപ്ലിമെന്ററി അലോട്ട്‌മെന്റ് കഴിഞ്ഞശേഷം സീറ്റുകൾ ഒഴിവുണ്ടെങ്കിൽ ഒരുതവണകൂടി പ്രവേശനനടപടികൾ നടക്കാൻ സാദ്ധ്യതയുണ്ടെന്നും ഹയർസെക്കൻഡറി വിഭാഗം അധികൃതർ പറയുന്നു. മാനേജ്‌മെന്റ് സീറ്റുകളുൾപ്പെടെയുള്ള എല്ലാ പ്രവേശനനടപടികളും 31ന് അവസാനിക്കും.