ചെർപ്പുളശേരി: ജലസംഭരണി തകർന്ന് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. പാലക്കാട് ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ പശുഫാമിലെ ജലസംഭരണി തകർന്നുവീണാണ് വെസ്റ്റ് ബംഗാൾ സ്വദേശി ഷമാലി (30), മകൻ സമി റാം(2) എന്നിവർ മരിച്ചത്.
പ്രദേശവാസിയായ രതീഷിന്റെ ഉടമസ്ഥതയിലുള്ള ഫാമിൽ താത്കാലികമായി നിർമ്മിച്ച ടാങ്ക് പൊട്ടിയാണ് അപകടം. സിമന്റ് കൊണ്ട് ഒന്നര വർഷം മുമ്പാണ് മൂന്നു മീറ്റർ ഉയരമുള്ള ടാങ്ക് നിർമ്മിച്ചത്. വെള്ളത്തിന്റെ ശക്തിയെ തുടർന്ന് ടാങ്ക് തകർന്നു വീഴുകയായിരുന്നു. ഒരു മണിക്കൂറോളം സമയം അമ്മയും കുഞ്ഞും ടാങ്കിന്റ അവശിഷ്ടത്തിനിടയിലായിരുന്നു. ഷമാലിയുടെ ഭർത്താവ് ബസുദേവ് ഉച്ചയ്ക്ക് ഫാമിലെത്തിയപ്പോഴാണ് അപകട വിവരം അറിയുന്നത്. തുടർന്ന് ഫാം ഉടമയെ അറിയിക്കുകയും കോങ്ങാട് നിന്നും ഫയർ ഫോഴ്സും പൊലീസും എത്തിയാണ് അമ്മയേയും കുഞ്ഞിനേയും അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
നെല്ലിപറ്റക്കുന്ന് പശുവളർത്തൽ ഫാമിൽ ജോലിചെയ്യുകയായിരുന്നു ഷമാലിയും കുടുംബവും. യുവതി ടാങ്കിന് സമീപത്തുള്ള ടാപ്പിൽ നിന്നും കൈകഴുകുമ്പോൾ സംഭരണി തകരുകയായിരുന്നു. ടാങ്ക് പരിസരത്ത് അമ്മയും തൊട്ടടുത്ത് തന്നെ കുഞ്ഞും മരിച്ചുകിടക്കുകയായിരുന്നു. ഒരു മാസം മുമ്പാണ് കുടുബം നാട്ടിലേക്ക് പോയി തിരിച്ചെത്തിയത്. മുമ്പ് താമസിച്ചിരുന്ന വെള്ളിനേഴി സ്‌കൂൾ പരിസരത്തെ ക്വാട്ടേഴ്സിൽ നിന്നും ആറ് മാസങ്ങൾക്ക് മുമ്പാണ് ഫാം പരിസരത്ത് പണികഴിപ്പിച്ച ഷെഡിലേക്ക് കുടുംബം താമസം മാറിയത്.
മൃതദേഹങ്ങൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.