കൊല്ലങ്കോട്: കുരിയാർകുറ്റി-കാരപ്പാറ പദ്ധതിയുടെ കരട് രൂപരേഖ ടാറ്റാ കൺസൾട്ടിംഗ് എൻജിനിയേഴ്സ്(ടി.സി.ഇ) ജലസേചന വകുപ്പിന് കൈമാറി. മുൻകൂർ സാദ്ധ്യതാപഠന റിപ്പോർട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ ജലസേചനവകുപ്പിന് സമർപ്പിച്ചിരുന്നെങ്കിലും രൂപരേഖയിൽ സാങ്കേതിക തകരാറുകളുള്ളതായി കണ്ടെത്തിയിരുന്നു. തുടർന്ന് കെ.എസ്.ഇ.ബി ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ അധികൃതരും ജലസേചനവകുപ്പ് ഉദ്യോഗസ്ഥരും ചിറ്റൂർപ്പുഴ എക്സി. എൻജിനിയറുടെ ചേംബറിൽ ചേർന്ന അവലോകന യോഗത്തിൽ അപാകതകൾ പരിഹരിക്കാൻ നിർദ്ദേശവും നൽകി. അപാകതകൾ പരിഹരിച്ച് സാധ്യതാപഠനത്തിന് മുന്നോടിയായുള്ള കരട് രൂപരേഖയാണ് ടി.സി.ഇ ജലസേചന വകുപ്പിന് നൽകിയത്. കേന്ദ്ര ജലക്കമ്മിഷന് റിപ്പോർട്ട് സമർപ്പിച്ച് പദ്ധതിക്ക് അംഗീകാരം നേടാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
കുരിയാർകുറ്റി-കാരപ്പാറ പദ്ധതി
ചിറ്റൂർ താലൂക്കിലെ കുടിവെള്ള, ജലസേചന പ്രശ്നങ്ങൾക്കുള്ള പരിഹാരമായാണ് കുരിയാർകുറ്റി-കാരപ്പാറ പദ്ധതി.
2020 നവംബർ 11നാണ് ടാറ്റാ കൺസൾട്ടിംഗ് എൻജിനിയറിംഗുമായി കരാറിലേർപ്പെട്ടത്.
കാരപ്പാറപ്പുഴയിൽ നെല്ലിയാമ്പതിക്കും പറമ്പിക്കുളം തേക്കടിക്കുമിടയിൽ അണക്കെട്ട് നിർമ്മിച്ച് സംഭരിക്കുന്ന വെള്ളം, തുരങ്കംവഴി ചുള്ളിയാർ ഡാമിനുമുകളിലെ വെള്ളാരങ്കടവിലെത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് പദ്ധതി.
ഈ വെള്ളം കമ്പാലത്തറയിലെത്തിച്ച് ജലസേചന പദ്ധതിക്ക് ഉപയോഗിക്കാനും ആലോചനയുണ്ടായിരുന്നു. ഇതിനായി കാരപ്പാറപ്പുഴയിൽ 50 മീറ്റർ ഉയരത്തിൽ ഡാം നിർമ്മിക്കാനായിരുന്നു പദ്ധതി.
കാരപ്പാറ ഡാമിൽ നിന്ന് വെള്ളാരങ്കടവിലേക്ക് വെള്ളമെത്തിക്കാൻ 12.5 കിലോമീറ്റർ ടണൽ നിർമ്മിക്കും.
വെള്ളാരങ്കടവിൽ നിന്ന് പൈപ്പ്‌ലൈൻ, അക്വഡറ്റ് എന്നിവയിലൂടെ മീങ്കര ഡാമിന്റെ കിഴക്കുദിശയിലൂടെ കമ്പാലത്തറ ഏരിയിൽ വെള്ളമെത്തിക്കും. ഈ വെള്ളം നിരവധി പഞ്ചായത്തുകളിലെയും ചിറ്റൂർ - തത്തമംഗലം നഗരസഭയിലെയും കൃഷിക്കും കുടിവെള്ളപദ്ധതിക്കും ഉപയോഗിക്കാം.
കാരപ്പാറയിൽനിന്ന് കമ്പാലത്തറയിൽ എത്ര വെള്ളമെത്തുന്നുവോ അത്രയും വെള്ളം പറമ്പിക്കുളംആളിയാർ കരാറിൽനിന്ന് മൂലത്തറയിലെ വലതുകര കനാൽവഴി കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപ്പതി പഞ്ചായത്തുകളിലെ കാർഷിക, കുടിവെള്ള ആവശ്യത്തിന് ഉപയോഗിക്കാം.