
ചെർപ്പുളശേരി: നഗരത്തിന്റെ മുഖച്ഛായ മാറുമെന്ന പ്രതീക്ഷയിൽ 2023 ജൂലായ് 13ന് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്ത ചെർപ്പുളശേരി പി.രാമകൃഷ്ണൻ സ്മാരക ബസ് സ്റ്റാൻഡ് ഒരു വർഷമായിട്ടും അടഞ്ഞ് തന്നെ. നഗരസഭ വളരെ കെട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ബസ് സ്റ്റാൻഡാണ് ആളനക്കമില്ലതെ കിടക്കുന്നത്. 2015ലാണ് സ്റ്റാൻഡിന്റെ തറക്കല്ലിടൽ നടന്നത്. പിന്നീട് വിവിധ ഘട്ടങ്ങളിലായി നഗരസഭയുടെ തനത് ഫണ്ടിൽനിന്ന് 37 ലക്ഷം ഉപയോഗിച്ച് യാർഡ് മതിൽ, 26 ലക്ഷത്തിന് ഇന്റർലോക്കിംഗ്, 18 ലക്ഷത്തിന് ഡ്രൈനേജ് 12 ലക്ഷം വിനിയോഗിച്ച് ടേക്ക് എ ബ്രേക്ക് എന്നിവ നിർമ്മിച്ചു. 40 സെന്റ് സ്ഥലത്തെ സ്റ്റാൻഡിൽ ആറ് ബസുകൾക്ക് നിറുത്താം.
പട്ടാമ്പി ഭാഗത്ത് നിന്നും വരുന്ന ബസുകൾ പഴയ സ്റ്റാൻഡിൽ കയറി പുതിയ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കുകയും, പാലക്കാട് ഭാഗത്ത് നിന്നും വരുന്ന ബസുകൾ പുതിയ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കുകയും, ഒറ്റപ്പാലം ഭാഗത്ത് നിന്നും വരുന്നവ പുതിയ സ്റ്റാൻഡിൽ കയറാതെ പഴയ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കുന്ന രീതിയിലായിരുന്നു നഗരസഭയുടെ ക്രമീകരണം. സാങ്കേതിക തടസങ്ങൾ നീക്കാതെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ഇത്രയും ഫണ്ട് മുടക്കി എന്തിനാണ് വേഗത്തിൽ ഉദ്ഘാടനം ചെയിതതെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.
വിനയായി സമയക്രമീകരണം
ഉദ്ഘാടനത്തിനു ശേഷം ബസുകൾ കയറാതെ വന്നതോടെ ബസുകളെ നിർബന്ധിച്ച് കയറ്റാൻ നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ സ്റ്റാൻഡിലെത്തി ശ്രമവും നടത്തിയിരുന്നു. ഇതിനും ബസ് ഉടമകൾ വഴങ്ങിയില്ല. 180 ബസുകൾ ദിനംപ്രതി ചെർപ്പുളശേരിയിൽ എത്തുനുണ്ടെന്നും വളരെ കുറഞ്ഞ സമയമാണ് ലഭിക്കുന്നതെന്നും തൊഴിലാളികൾ ഭക്ഷണത്തിന് വരെ ഈ സമയമാണ് ഉപയോഗിക്കുന്നതെന്നുമാണ് ഉടമകളും തൊഴിലാളികളും പറയുന്നത്.
പ്രതിസന്ധിയായത് സ്റ്റാൻഡിലേക്കുള്ള ഒരു വഴി
ഒരു ബസും യാത്രക്കാരുമായി പുതിയ സ്റ്റാൻഡിലേക്ക് ഇപ്പോൾ കയറുനില്ല, ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ വൈദ്യുതി ബിൽ അടക്കാത്തത് കൊണ്ട് വൈദ്യുതി വിച്ഛേദിക്കുകയും വിവാദമായപ്പോൾ ബില്ലടച്ച് കണക്ഷൻ പുനഃർസ്ഥാപിക്കുകയും ചെയ്തിരുന്നു. ബസ് സ്റ്റാൻഡിലേക്ക് ബസുകൾക്ക് പ്രവേശിക്കാനും, പുറത്ത് പോവാനും രണ്ട് വഴികൾ വേണമെന്ന നിയമം നിലനിൽക്കെ പുതിയ ബസ് സ്റ്റാൻഡിൽ ഒരു വഴിമാത്രമാണുള്ളത്. ഇത് നിയമകുരുക്കിനും വഴിവെച്ചിട്ടുണ്ട്.