elephant

മണ്ണാർക്കാട്: കാട്ടാനക്കൂട്ടം കൈയ്യേറിയ കൃഷി ഭൂമി കർഷകർ ഉപേക്ഷിച്ചതോടെ ഇവിടം കാട്ടാനകളുടെ താവളങ്ങളായി മാറി. കരിമ്പ, തച്ചമ്പാന പഞ്ചായത്തുകളുടെ മലയോര മേഖലയിൽ നിരവധി തോട്ടങ്ങളാണ് ഇത്തരത്തിൽ കാടുകയറിയത്. രൂക്ഷമായ വന്യ മൃഗ ശല്യത്തിന് പരിഹാരം കാണാൻ കഴിയാതെ വന്നതോടെയാണ് ഇവയെല്ലാം ഈ സ്ഥിതിയിലേയ്ക്കു തള്ളപ്പെട്ടത്. കരിമ്പയിലെ വാക്കോട്, ചെറുമല , മീൻവല്ലം, കുറുമുഖം, കരിമല, മുണ്ടനാട് എന്നിവിടങ്ങളിലും തച്ചമ്പാറ പഞ്ചായത്ത് പരിധിയിൽ വരുന്ന പാലക്കയം നിരവ് പ്രദേശങ്ങളിലും ഇതു തന്നെയാണ് അവസ്ഥ.

ഒരു കാലഘട്ടത്തിൽ തെങ്ങ്, കവുങ്ങ്, റബ്ബർ തുടങ്ങിയ ഫലവൃക്ഷങ്ങളും വാഴയും കിഴങ്ങു വർഗ്ഗങ്ങളുമുൾപ്പടെയുള്ളവ മികച്ച രീതിയിൽ കൃഷി ചെയ്തിരുന്ന സ്ഥലങ്ങൾ കാട്ടാനയും കാട്ടുപ്പനിയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ നശിപ്പിച്ചതോടെയാണ് കർഷകരിൽ പലരും കൃഷിയിടം ഉപേക്ഷിച്ചത്. വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ പരാജയപ്പെട്ടതും കൃഷിയിടം ഉപേക്ഷിക്കാൻ ആക്കം കൂട്ടി.

കാട്ടാനകൾ വൻതോതിൽ കാർഷിക വിളകൾ നശിപ്പിക്കുകയും ജീവനുപോലും ഭീഷണിയായ സാഹചര്യത്തിൽ ഇവിടങ്ങളിൽ പണിയെടുക്കാൻ തൊഴിലാളികളെ ലഭിക്കാതെ വന്നതും കർഷകരെ നിരാശരാക്കി. ഇതോടെ പല തോട്ടങ്ങളും തരിശ് ഭൂമികളായി രൂപാന്തരപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇത്തരം തോട്ടങ്ങൾ കൃഷിയോഗ്യമാക്കി നൽകുവാൻ അധികൃതർ തയ്യാറാകണമെന്നാണ് കർഷകരുടെ ആവശ്യം. ശാസ്ത്രീയമായ രീതിയിൽ വൈദ്യുത വേലിയും പ്രകൃതിദത്തമായ മാർഗ്ഗങ്ങളും ക്രമീകരിച്ചാൽ ഒരു പരിധിവരെ കാട്ടാനകൾ കാടിറങ്ങുന്നത് തടയുവാൻ കഴിയുമെന്ന് വിദഗ്ദ്ധർ പറയുന്നു.

കാട്ടാനകളുടെ താവളം

കൃഷിയിടം കാടുകയറിയതോടെ കാട്ടാനകൾക്കിത് പകൽ താവളമായി. അടിക്കാടുകൾ നിറഞ്ഞ സ്ഥലങ്ങളിൽ തങ്ങുന്ന കാട്ടാനകൾ രാത്രി സമയങ്ങളിൽ നാട്ടിൻ പുറങ്ങളിലേക്കിറങ്ങി കൃഷി നാശിപ്പിക്കുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥർ സമ്മതിക്കുന്നുമുണ്ട്.

കാടുവെട്ടിത്തെളിക്കാൻ നോട്ടീസ് നൽകും

കാടുകയറിയ സ്വകാര്യ കൃഷിയിടങ്ങളിലെ കാട് വെട്ടി പൂർവ്വ സ്ഥിതിയിലാക്കുന്നതിന് റവന്യു, പഞ്ചായത്ത് അധികൃതരുടെ ഇടപെടലുണ്ടാകണമെന്നാണ് വനം വകുപ്പ് അധികൃതരുടെ വാദം. ഇത്തരത്തിൽ കാടുപിടിച്ച് നിൽക്കുന്ന തോട്ടങ്ങളുടെ ഉടമകൾക്ക് ഇവ വെട്ടിത്തെളിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകാനുള്ള തീരുമാനത്തിലാണ് കരിമ്പ ഗ്രാമപഞ്ചായത്ത് അധികൃതർ.