പട്ടാമ്പി: അപൂർവ്വമായിക്കൊണ്ടിരിക്കുന്ന ഇലമുളച്ചിയെന്ന ചെടി സ്‌കൂൾ പൂന്തോട്ടത്തിൽ നട്ട് ഗോഖലെ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ. കുന്നിൻ ചെരുവുകളിലും ഇടവഴികളിലുമൊക്കെ സുലഭമായിരുന്ന ഇലമുളച്ചി ഇപ്പോൾ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. പണ്ട് വിദ്യാർത്ഥികൾ സ്ലൈറ്റ് മായിക്കുവാൻ ഇലമുളച്ചി ഉപയോഗിച്ചിരുന്നു. ഇലമുളച്ചി ഇന്ന് പൂന്തോട്ടത്തിൽ നടുന്നവരുണ്ട്. ചില പൂമ്പാറ്റകളെ ആകർഷിക്കുവാനുളള കഴിവ് ഇവയ്ക്കുണ്ടെന്നതാണ് കാരണം. വിത്തോ വേരോ കാണ്ഡമോ അല്ല ഇലയാണ് ഇലമുളച്ചിയുടെ നടീൽ വസ്തുവെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. നല്ലൊരു ഔഷധസസ്യം കൂടിയാണ് ഈ ചെടി. ഗോഖലെയിലെ മൂന്നാം ക്ലാസുകാർ പഠനത്തിന്റെ ഭാഗമായി ശേഖരിച്ച തൈകളാണ് ഇപ്പോൾ സ്‌കൂൾ പൂന്തോട്ടത്തിൽ നട്ടത്. സ്‌കൂൾ തോട്ടത്തിലെ ചെടിയുടെ ഇലയിൽ നിന്നും കൂടുതൽ ചെടികളുണ്ടാക്കി എല്ലാവരുടേയും പൂന്തോട്ടത്തിലേക്ക് ഇലമുളച്ചിയെ എത്തിക്കുവാനും കുട്ടികൾ ആലോചിക്കുന്നു.