പാലക്കാട്: മഴയും വെയിലും ഇടകലർന്ന കാലാവസ്ഥയിൽ പനിച്ച് വിറച്ച് പാലക്കാട്. ജൂലായിലെ ആദ്യ 10 ദിവസം മാത്രം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ പനിക്ക് ചികിത്സ തേടിയത് 9,616 പേർ. ഇതിൽ 137 പേർ കിടത്തി ചികിത്സയ്ക്ക് വിധേയരായി. 65 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. നാലുപേർക്ക് H1N1, എട്ടുപേർക്ക് എലിപ്പനി, രണ്ടുപേർക്ക് മലേറിയ, ഒരാൾക്ക് ജപ്പാൻ ജ്വരം എന്നിവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വയറിളക്ക രോഗങ്ങളുമായി ആശുപത്രികളിലെത്തിയത് 3,461 പേരാണ്. 88 പേർക്ക് ചിക്കൻപോക്സും എട്ടുപേർക്ക് ഹെപ്പറ്റൈറ്റിസ് എയും മൂന്നുപേർക്ക് ഹെപ്പറ്റൈറ്റിസ് ബിയും ബാധിച്ചിട്ടുണ്ട്. എലിപ്പനി ബാധിച്ച് രണ്ടുപേരും H1N1 ബാധിച്ച് ഒരാളും മരിച്ചതായി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പറളി, മേലെ പട്ടാമ്പി എന്നിവിടങ്ങളിലാണ് എലിപ്പനി മരണമുണ്ടായത്. H1N1 മരണം പിരായിരിയിലാണ്.

 അമീബിക് മെനിഞ്ചൈറ്റിസ്

അപൂർവ്വമായി ഉണ്ടാകുന്ന ഈ രോഗം 'നിഗ്ലേറിയ ഫൌളേരി' എന്ന ഏകകോശ ജീവിയാണ് പരത്തുന്നത്. മലിനമായ വെള്ളത്തിലൂടെയാണ് രോഗാണു മനുഷ്യരിലേക്ക് പടരുന്നത്. മലിനമായ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ 'തലച്ചോറ് തിന്നുന്ന അമീബ' എന്ന് വിശേഷണമുള്ള ഈ രോഗാണു ഉണ്ടാകാൻ സാധ്യത കൂടുതലാണ്. മൂക്ക്, കണ്ണ്, ചെവി, മറ്റു മുറിവുകൾ എന്നിവയിൽ കൂടിയാണ് മനുഷ്യ ശരീരത്തിൽ ഈ ഏകകോശജീവി പ്രവേശിക്കുക. ഇത് നാഡീവ്യൂഹത്തെയും തലച്ചോറിനെയും നശിപ്പിക്കുന്നത് വഴി മരണം വരെ സംഭവിക്കാം. കടുത്ത പനി, തലവേദന, വയറുവേദന, ഛർദി, ഓക്കാനം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് കഴുത്തുവേദനയും മാനസികാസ്വസ്ഥ്യവും അപസ്മാര ലക്ഷണങ്ങളും കാണിക്കാം.

 എലിപ്പനി

മലിനജലത്തിലോ ചെളിയിലോ നടക്കുകയോ പണിയെടുക്കുകയോ ചെയ്യുന്ന എല്ലാവരും എലിപ്പനിയെ പ്രതിരോധിക്കുന്നതിനുള്ള ഡോക്സിസൈക്ലിൻ ഗുളിക ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചു. ലക്ഷണങ്ങൾ ഉണ്ടായാൽ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുകയും മലിനജലവുമായി ഇടപെടേണ്ടി വന്ന വിവരം പ്രത്യേകം സൂചിപ്പിക്കുകയും വേണം.

 ഡ്രൈഡേ ആചരിക്കണം

ജില്ലയിൽ ഡെങ്കിപ്പനി കൂടുന്നതിനാൽ കൊതുക് നിവാരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്നും വെള്ളിയാഴ്ചകളിൽ സ്‌കൂളുകളിലും ശനിയാഴ്ചകളിൽ സ്ഥാപനങ്ങളിലും ഞായറാഴ്ചളിൽ വീടുകളിലും ഡ്രൈ ഡേ ആചരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചു. കൊതുക് കടി ഏൽക്കാതിരിക്കാൻ മുൻകരുതുകൾ സ്വീകരിക്കണം.