പാലക്കാട്: ജില്ലയിൽ മഴ ശക്തമായതോടെ കാലാവസ്ഥ മുന്നറിയിപ്പുമായി ജില്ല ഭരണകൂടം. ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥാവകുപ്പ് ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാം. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാദ്ധ്യത മുൻകൂട്ടി കണ്ട് തയാറെടുപ്പുകൾ നടത്തണം. അധികൃതരുടെ നിർദേശങ്ങൾക്കനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
അയ്യപ്പൻമലയിൽ ഉരുൾപൊട്ടലുണ്ടായി
ഇന്നലെ ഉച്ചയോടെ കഞ്ചിക്കോട് അയ്യപ്പൻമലയിൽ ഉരുൾപൊട്ടലുണ്ടായി. ജനവാസ മേഖല അല്ലാത്തതിനാൽ ആളപായമില്ല. രാവിലെ മുതൽ പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. ഉരുൾപൊട്ടിയതിനെ തുടർന്ന് ചാലുകളിലേക്ക് വെള്ളം കുത്തിയൊലിച്ചൊഴുകിയിരുന്നു.
അടുത്ത 48 മണിക്കൂറിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചുകടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ലെന്ന് ദുരന്ത നിവാരണ അതോറിട്ടി അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
സുരക്ഷാ നിർദേശങ്ങൾ
അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും മാറി താമസിക്കാൻ തയാറാവേണ്ടതാണ്.
സ്വകാര്യപൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/ പോസ്റ്റുകൾ/ ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം. മരച്ചില്ലകൾ വെട്ടി ഒതുക്കണം.
അപകടാവസ്ഥ ഉണ്ടെങ്കിൽ ഉടൻ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണം. ദുരന്ത സാധ്യത മേഖലയിലുള്ളവർ എമർജൻസി കിറ്റ് തയാറാക്കി വെക്കണം.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നുവീണും ഉണ്ടാകാനിടയുള്ള അപകടങ്ങളും ശ്രദ്ധിക്കണം.