stadium

ടെൻഡർ നടപടികൾ പൂർത്തിയായി

സ്റ്റേഡിയം നിർമ്മിക്കുന്നത് 2.44 ഏക്കറിൽ ഒരു ലക്ഷം ചതുരശ്ര അടിയിൽ

 നിലവിൽ 60 ശതമാനം ജോലികൾ പൂർത്തിയായി

നിർമ്മാണ പ്രവൃത്തി തുടങ്ങിയത് 2010 ൽ

പാലക്കാട്: ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ഒരുവർഷത്തിനകം പൂർത്തിയാക്കാൻ നടപടികൾ ആരംഭിച്ചു. ഫണ്ടില്ലാത്തതിനാൽ പാതിയിൽ മുടങ്ങിയ പദ്ധതി പൂർത്തിയാക്കാൻ ആവശ്യമായ തുകയുടെ ടെൻഡർ നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.

ജില്ലയിലെ കായിക മേഖലയ്ക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെ 12 വർഷം മുമ്പാണ് ഇൻഡോർ സ്റ്റേഡിയം നിർമ്മാണം നഗര ഹൃദയത്തിൽ ആരംഭിച്ചത്. നിലവിൽ 60 ശതമാനം ജോലികൾ പൂർത്തിയായി. സിവിൽ വർക്കുകൾ, ഇലക്ട്രിക്കൽ, സീലിംഗ്, ഫയർ ഫൈറ്റിംഗ് വർക്ക്, വുഡ് ഫ്‌ളോറിംഗ്, ലിഫ്റ്റ് തുടങ്ങിയവയാണ് ഇനി പൂർത്തീകരിക്കാനുള്ളത്. നഗരത്തിൽ വിക്ടോറിയ കോളജിനു സമീപം 2.44 ഏക്കറിൽ ഒരു ലക്ഷം ചതുരശ്ര അടിയിലാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്.

2010 ജനുവരി എട്ടിന് 13.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച ഇൻഡോർ സ്റ്റേഡിയം പദ്ധതിയുടെ നിർമ്മാണ പ്രവൃത്തി 2010 മേയ് മൂന്നിന് ആരംഭിച്ചു. 10.04 കോടി രൂപ ചെലവഴിച്ച് സ്ട്രക്ച്ചർ നിർമ്മാണം പൂർത്തിയാക്കി. 2010 -11 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ മൂന്ന് കോടി രൂപ സ്റ്റേഡിയം നിർമ്മാണം പൂർത്തിയാക്കാൻ വകയിരുത്തിയെങ്കിലും തുടർന്നുവന്ന സർക്കാർ തുക നൽകിയില്ല. ഇതേ തുടർന്നാണ് നിർമ്മാണം സ്തംഭിച്ചത്.

തുടർന്ന് 2021ൽ എം.ബി.രാജേഷ് നിയമസഭ സ്പീക്കറായിരിക്കെ കായിക മന്ത്രി വി.അബ്ദുറഹ്മാൻ, വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി എന്നിവരുടെ സാന്നിദ്ധ്യത്തിൽ സ്പീക്കറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് നിലവിലെ സാങ്കേതിക തടസങ്ങൾ പരിഹരിച്ച് ആവശ്യമായ അംഗീകാരങ്ങൾ നേടി നിർമ്മാണം പൂർത്തിയാക്കാൻ തീരുമാനമെടുത്തത്. പക്ഷേ, പദ്ധതി വീണ്ടും ഇഴഞ്ഞു. ഇപ്പോൾ ടെൻഡർ നടപടികൾ പൂർത്തിയാക്കിയ പദ്ധതി ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇൻഡോർ സ്റ്റേഡിയത്തിൽ

ബാസ്‌കറ്റ്ബാൾ, വോളിബാൾ, ഹാൻഡ്ബാൾ, ഷട്ടിൽ, നെറ്റ്ബാൾ, ടെന്നീസ് കോർട്ടുകൾ, ഹെൽത്ത് ക്ലബ്, 6,600 പേർക്കിരിക്കാവുന്ന ഗാലറി, 3200 പേർക്കിരിക്കാവുന്ന ഇൻസൈഡ് കോർട്ട്, 100 പേർക്ക് താമസ സൗകര്യം, കോൺഫറൻസ് ഹാൾ, ഷോപ്പിംഗ് കോംപ്ലക്സ് ഇങ്ങനെയൊക്കെ വിഭാവനം ചെയ്താണ് ഇൻഡോർ സ്റ്റേഡിയം .