 ക്ലീൻ കേരള കമ്പനിക്ക് കൈമാറി

 2023 -24 സാമ്പത്തിക വർഷം പാലക്കാട് ജില്ലയിൽ നിന്നും നീക്കം ചെയ്ത അജൈവ മാലിന്യങ്ങൾ- 4159 ടൺ

 ഏറ്റവും കൂടുതൽ ഇ-മാലിന്യം നീക്കം ചെയ്തത് പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസിൽ നിന്ന്

 ശേഖരിച്ച മാലിന്യങ്ങൾ ശാസ്ത്രീയമായി തരംതിരിച്ച് മൂല്യവർദ്ധിത വസ്തുക്കൾ ഉണ്ടാക്കി ഹരിതകർമ സേന ക്ലീൻ കേരള കമ്പനിക്ക് കൈമാറും.  ശേഷിക്കുന്ന മാലിന്യങ്ങൾ തമിഴ്നാട്ടിലെ സിമന്റ് ഫാക്ടറിയിൽ കത്തിക്കാനുള്ള ഇന്ധനമായി ഉപയോഗിക്കുമെന്നും ക്ലീൻ കേരള കമ്പനി അധികൃതർ പറഞ്ഞു.

പാലക്കാട്: ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നുമായി കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം നീക്കം ചെയ്തത് ഏഴ് ടൺ ഇമാലിന്യം. പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസിൽ നിന്നാണ് ഏറ്റവും കൂടുതൽ ഇ-മാലിന്യം നീക്കം ചെയ്തത്. ശേഖരിച്ച ഇ-മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറി. 2023 -24 സാമ്പത്തിക വർഷം 4159 ടൺ അജൈവ മാലിന്യങ്ങളും ജില്ലയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

വീടുകളിൽനിന്ന് ഹരിതകർമ സേനയും സർക്കാർ ഓഫീസുകളിൽനിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പ്രത്യേക ഏജൻസികളുമാണ് ഇ-മാലിന്യം ശേഖരിക്കുന്നത്. മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടർ, ലാപ്‌ടോപ്, വാഷിംഗ് മെഷീൻ, ഇലക്ട്രോണിക് കളിപ്പാട്ടങ്ങൾ, കാൽക്കുലേറ്റർ, പ്രിന്റർ തുടങ്ങിയ ഇമാലിന്യമാണ് ശേഖരിച്ചത്. ട്യൂബ്, സി.എഫ്.എൽ ബൾബ്, എൽ.ഇ.ഡി ബൾബ്, കാർട്ടേജ്, ടി.വിയുടെ പിക്ചർ ട്യൂബ് തുടങ്ങിയവയെല്ലാം ആപത്കരമായ മാലിന്യങ്ങളായാണ് കണക്കാക്കുന്നത്. ഇത്തരം സാധനങ്ങൾ വലിച്ചെറിഞ്ഞാൽ അവയുടെ അവശിഷ്ടങ്ങളിൽ നിന്നുള്ള കാഡ്മിയം, മെർക്കുറി തുടങ്ങിയ വിഷപദാർത്ഥങ്ങളും കൂട്ടിയിട്ട് കത്തിച്ചാലുണ്ടാകുന്ന പുകയും മണ്ണിനും മനുഷ്യനും ദോഷകരമാണ്. വിപണിയിൽ വർദ്ധിച്ചുവരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം ഇ-മാലിന്യത്തിന്റെ അളവ് കൂട്ടുന്നു. പുതിയ സാധനങ്ങൾ വാങ്ങിക്കുമ്പോൾ പഴയവ ഉപേക്ഷിക്കുന്ന പ്രവണത കൂടുന്നതും ഇ-മാലിന്യം കുമിഞ്ഞുകൂടാൻ ഇടയാക്കുന്നു.