പാലക്കാട്: മാലിന്യമുക്തം നവകേരളം കാമ്പെയിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ നഗരസഭകളുടെയും രണ്ടു ദിവസത്തെ ശില്പശാലയ്ക്ക് പറളി പഞ്ചായത്ത് കല്യാണമണ്ഡപത്തിൽ തുടക്കമായി. നഗരസഭ സെക്രട്ടറിമാർ, ക്ലീൻ സിറ്റി മാനേജർമാർ, എക്സിക്യൂട്ടീവ്, അസി. എക്സിക്യൂട്ടീവ് എൻജിനീയർമാർ, ഹരിതകർമ്മ സേന കൺസോർഷ്യം പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ ഉൾപ്പെടുത്തിയാണ് ശില്പശാല നടത്തുന്നത്. ജില്ലാ തദ്ദേശഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എം.കെ.ഉഷ ആമുഖ അവതരണം നടത്തി. ജില്ലാ കളക്ടർ
ഡോ.എസ്.ചിത്ര മാലിന്യ സംസ്‌കരണത്തിൽ ജില്ലയുടെ നേട്ടങ്ങളും വെല്ലുവിളികളും അവതരിപ്പിച്ചു. എസ്.ബി.എം. അർബൻ പോലുള്ള ഫണ്ടുകൾ പരമാവധി ഉപയോഗിച്ച് നഗരസഭകൾ പദ്ധതികൾ രൂപീകരിക്കാനും രൂപീകരിച്ച പദ്ധതികൾ നിർബന്ധപൂർവ്വം നടത്തുന്നു എന്ന് ഉറപ്പു വരുത്താനും നിർദ്ദേശിച്ചു.
തുടർന്ന് ഓരോ നഗരസഭയും വിവിധ വിഷയങ്ങളിലെ മികവാർന്ന പ്രവർത്തനങ്ങൾ അവതരിപ്പിച്ച് സ്വയം വിലയിരുത്തി.
സുസ്ഥിരമായ പ്രവർത്തനവും മനോഭാവ മാറ്റവും ഉണ്ടാകേണ്ടതിന്റെ ആവശ്യവും ഭാവി പ്രവർത്തനങ്ങളും നവകേരളം കർമ്മ പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ പി. സെയ്തലവി അവതരിപ്പിച്ചു. ജില്ലാ കാമ്പെയിൻ സെക്രട്ടറിയേറ്റ് നേതൃത്വം നൽകിയ വിഷയാധിഷ്ഠിത ഗ്രൂപ്പ് ചർച്ചകളിൽ കില തീമാറ്റിക് വിദഗ്ധർ, കുടുംബശ്രീ പ്രവർത്തകർ, യങ്ങ് പ്രൊഫഷണൽ, റിസോഴ്സ് പേഴ്സണമാർ കെ.എസ്.ഡബ്ള്യു.എം.പി പ്രതിനിധികൾ, ക്ലീൻ കേരള കമ്പനി പ്രതിനിധികൾ, ശുചിത്വ മിഷൻ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. ശില്പശാല ഇന്ന് വൈകിട്ട് അഞ്ചിന് സമാപിക്കും.