dam
പറമ്പിക്കുളം ഡാം

പാലക്കാട്: പറമ്പിക്കുളം ആളിയാർ പദ്ധതിയുമായി ബന്ധപ്പെട്ട് നിർമ്മാണത്തിലുള്ള പറമ്പിക്കുളം ഡാമിന്റെ ഷട്ടറുകളുടെ ട്രയൽ റൺ നടന്നു. 2022 സെപ്തംബർ 21ന് പുലർച്ചെ പറമ്പിക്കുളം ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകളിൽ മദ്ധ്യഭാഗത്തെ ഒരു ഷട്ടർ തകർന്നിരുന്നു. ഈ ഷട്ട‌ർ പുനർനിർമ്മിക്കുകയും മറ്റ് രണ്ട് ഷട്ടറുകൾ മാറ്റി പുതിയ ഷട്ടർ സ്ഥാപിക്കണമെന്നും കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒന്നാമത്തെയും മൂന്നാമത്തെയും ഷട്ടർ മാറ്റി സ്ഥാപിച്ചതിന്റെ ട്രയൽ റൺ ആണ് ഇന്നലെ രാവിലെ 11ന് നടന്നത്.

കേരള ജലസേചനവകുപ്പ് ജോയിന്റ് ഡയറക്ടർ ഷെറിൻമേരി സാം, ഡെപ്യൂട്ടി ഡയറക്ടർ ജെ.ഡബ്ല്യു.ആർ സബ് ഡിവിഷൻ പറമ്പിക്കുളം എം.സാജിർ, അസിസ്റ്റന്റ് ഡയറക്ടർ ജെ.ഡബ്ല്യു.ആർ ഗേജിംഗ് സെക്ഷൻ പറമ്പിക്കുളം ടി.പി.ശരത്, തമിഴ്നാട് ഡബ്ല്യു.ആർ.ഡി എക്സിക്യൂട്ടീവ് ഡി.ശിവകുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഡി.ജയകുമാർ, അസിസ്റ്റന്റ് എൻജിനീയർ പി.സംഗീത എന്നിവർ പങ്കെടുത്തു.

 പറമ്പിക്കുളം ആളിയാർ അന്തർസംസ്ഥാന നദീജല കരാറിൽ ഉൾപ്പെട്ടതാണ് പറമ്പിക്കുളം ഡാം.

 ഡാം സ്ഥിതിചെയ്യുന്നത് കേരളത്തിലാണെങ്കിലും ഡാമിന്റെ പ്രവർത്തനവും പരിപാലനവും നിർവ്വഹിക്കുന്നത് തമിഴ്നാടാണ്.

 പറമ്പിക്കുളം -ആളിയാർ കരാർ പ്രകാരം കേരളത്തിലെ ചാലക്കുടി നദീതടത്തിലെ ഷോളയാർ ഡാമിൽ 12.30 ടി.എം.സി ജലവും ഭാരതപ്പുഴ നദീതടത്തിലെ ചിറ്റൂർ മേഖലയിലെ കൃഷിക്കായി മണക്കടവ് വിയറിൽ 7.25 ടി.എം.സി ജലവുമാണ് കേരളത്തിന് അർഹമായത്.

 ഒക്ടോബർ ഒന്ന് മുതൽ ജനുവരി 31 വരെ ലോവർ നീരാർ ഡാമിൽ നിന്ന് പെരിയാൽ നദീതടത്തിലേക്ക് ഒഴുകിവരുന്ന ജലവും കേരളത്തിന് അർഹതപ്പെട്ടതാണ്.

 1970 മുതൽ ഈ കരാർ പ്രകാരം കേരളത്തിന് ഇത്തരത്തിൽ ജലം ലഭിക്കുന്നണ്ട്.

 കേരളത്തിലെ ജല വിഭവവകുപ്പിന് പറമ്പിക്കുളം ഡാമിന്റെ പ്രസ്തുത കരാർ പ്രകാരമുള്ള സംയുക്ത ഗേജിംഗ് പ്രവൃത്തികളുടെ ചുമതല മാത്രമാണുള്ളത്.