പാലക്കാട്: ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ പാലക്കാട് നിയമസഭ മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണയത്തിൽ മുന്നണികളിൽ അണിയറ നീക്കങ്ങൾ സജീവം. കോൺഗ്രസിൽ ആറോളം പേരുകളാണ് പരിഗണനയിലുള്ളത്. 40,000ത്തോളം ന്യൂനപക്ഷ വോട്ടുകളുള്ള മണ്ഡലത്തിൽ പൊതുസമ്മതനായ സ്ഥാനാർത്ഥിയെ കണ്ടെത്തുമെന്നാണ് നേതൃത്വത്തിന്റെ നിലപാട്.

ജാഗ്രതയോടെ യു.ഡി.എഫ്

മൂന്നുതവണ ഷാഫി പറമ്പിൽ വിജയിച്ച പാലക്കാട് മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ നിലനിർത്തേണ്ടത് യു.ഡി.എഫിന്റെ അഭിമാന പ്രശ്നമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 3859 വോട്ടിനാണ് ഷാഫി പറമ്പിൽ ജയിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിൽ ഇത്തവണ പാലക്കാട് നിയമസഭ മണ്ഡലത്തിൽ നിന്ന് യു.ഡി.എഫിന് 52,779 വോട്ടാണ് ലഭിച്ചത്. രണ്ടാമതെത്തിയ ബി.ജെ.പിയേക്കാൾ 9707 വോട്ട് യു.ഡി.എഫിന് അധികം ലഭിച്ചു. നഗരസഭ പരിധിയിലും മികച്ച മുന്നേറ്റം നടത്താൻ കോൺഗ്രസിന് കഴിഞ്ഞു. ഇതേ മുന്നേറ്റം തുടർന്നാൽ ഉപതിരഞ്ഞെടുപ്പിലെ വിജയം ഉറപ്പെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. ഷാഫി പറമ്പിൽ വടകരയിൽ മത്സരിക്കാൻ വണ്ടി കയറിയപ്പോൾതന്നെ പാലക്കാട് പകരക്കാരനാര് എന്ന ചർച്ചകൾ സജീവമായിരുന്നു. യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ പേര് ഷാഫി പറമ്പിൽ പരോഷമായി ഉയർത്തികൊണ്ടുവന്നെങ്കിലും ജില്ല നേതൃത്വത്തിന് അതിന് താൽപര്യമില്ല. ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ, വി.ടി.ബൽറാം, ഡോ.സരിൻ എന്നിവരുടെ പേരുകൾ സജീവപരിഗണനയിലാണ്. വിഷയത്തിൽ എ.ഐ.സി.സി നേതൃത്വത്തിന്റെ തീരുമാനം നിർണായകമാകും.

കച്ചകെട്ടി എൻ.ഡി.എ

ലോക്‌സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മികച്ച മുന്നേറ്റം നടത്തിയ ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം പാലക്കാടാണ്. അണിയറ പ്രവർത്തനങ്ങൾ സജീവമാക്കി ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് എൻ.ഡി.എ ക്യാമ്പും. എല്ലാ ഘടകകക്ഷികളുടെയും സംസ്ഥാന നേതാക്കൾക്ക് മണ്ഡലത്തിൽ ഏകോപനച്ചുമതല നൽകാനാണ് തീരുമാനം. ആഞ്ഞുപിടിച്ചാൽ കഴിഞ്ഞതവണ ചെറിയ ഭൂരിപക്ഷത്തിന് നഷ്ടമായ മണ്ഡലം പിടിക്കാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഷാഫി പറമ്പിൽ മാറിയതും ഗുണകരമാകുമെന്ന് അവർ കരുതുന്നു. സി.കൃഷ്ണകുമാർ, ശോഭ സുരേന്ദ്രൻ, സന്ദീപ് വാര്യർ എന്നിവരുടെ പേരുകളാണ് സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. ജില്ല ഘടകത്തിനും താൽപര്യം സി.കൃഷ്ണകുമാറിനോടാണ്. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും സി.കൃഷ്ണകുമാറിന്റെ കാര്യത്തിൽ എതിർപ്പില്ലെന്നാണ് അറിയുന്നത്. ഉപതിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുക മണ്ഡലത്തെ അടുത്ത് അറിയുന്ന സി.കൃഷ്ണകുമാറാണെന്ന നിലപാടും മണ്ഡല -ജില്ല നേതൃത്വങ്ങളിലുണ്ട്.


കരുതലോടെ സി.പി.എം

2011-ൽ നഷ്ടപ്പെട്ട മണ്ഡലം ഉപതിരഞ്ഞെപ്പിലൂടെ തിരിച്ചുപിടിക്കാനാണ് ഇടതുമുന്നണിയുടെ ലക്ഷ്യം. ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളിൽ വിജയിച്ച് നിയമസഭയിൽ സെഞ്ചുറിയടിക്കാനാണ് സി.പി.എമ്മും മുന്നണിയും ലക്ഷ്യമിടുന്നത്. പഞ്ചായത്തുകളിൽ വലിയ അടിത്തറയുള്ള സി.പി.എം കളത്തിൽ ഇറങ്ങുന്നതോടെ ത്രികോണ മത്സരത്തിനാകും വേദിയൊരുങ്ങുക. ലോക്‌സഭ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ വിശകലനം ചെയ്ത് തെറ്റുകൾ തിരുത്തിയാവും ഇടതുമുന്നണി കളത്തിലിറങ്ങുക. സി.പി.എമ്മിൽ സ്ഥാനാർത്ഥി ചർച്ചകൾ ആരംഭിച്ചിട്ടില്ലെങ്കിലും ജില്ലയിൽ നിന്നുള്ള യുവ സ്ഥാനാർത്ഥിയെ പരിഗണിക്കാൻ സാദ്ധ്യത ഏറെയാണ്. കോൺഗ്രസിൽ നിന്ന് രാജിവെച്ച് പുറത്തുവന്ന മുൻ ഡി.സി.സി പ്രസിഡന്റ് എ.വി.ഗോപിനാഥിന്റെ പേരും ചർച്ചകളിൽ ഇടംപിടിക്കുന്നുണ്ട്. ഇതുകൂടാതെ സി.പി.എം മത്സരിച്ച സീറ്റ് ഘടക കക്ഷികൾക്ക് നൽകുന്ന കാര്യവും ചിലപ്പോൾ പരിഗണിച്ചേക്കാം. കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഇടതുപക്ഷത്തിന് അനുകൂലമാണ്. ഷാഫി പറമ്പിൽ മാറിയതിലൂടെ പാലക്കാട് നഗരസഭയും പിരായിരി പഞ്ചായത്തിലെയും ന്യൂനപക്ഷ വോട്ടുകളും തങ്ങൾക്ക് അനുകൂലമാക്കാനും ഇടതുപക്ഷം ശ്രമിച്ചേക്കും.