court

അഗളി: അട്ടപ്പാടി കോടതിയിൽ സ്ഥിരം പ്രോസിക്യൂട്ടറില്ലാത്തത് ആദിവാസി വിഭാഗങ്ങൾക്ക് തിരിച്ചടിയാകുന്നു. ഏഴുമാസം മുമ്പാണ് അട്ടപ്പാടിയിൽ മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി പ്രവർത്തനം ആരംഭിച്ചത്. ഇതുവരെയും സ്ഥിരം പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. നിലവിൽ മണ്ണാർക്കാട് മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർക്ക് (എ.പി.പി) അട്ടപ്പാടിയിലെ അധിക ചുമതല നൽകിയിരിക്കുകയാണ്. ഇതുമൂലം ആഴ്ചയിൽ രണ്ടുദിവസം മാത്രമാണ് എ.പി.പി അട്ടപ്പാടി കോടതിയിൽ എത്തുന്നത്. ഇത് വാദികൾക്ക് പ്രയാസം സൃഷ്ടിക്കുന്നതായി ആക്ഷേപമുണ്ട്.

കേസിന്റെ ചർച്ചകൾക്കും ജാമ്യ അപേക്ഷകളിൽ എ.പി.പിയുടെ ഒപ്പിനുമായി 30 ഓളം കിലോമീറ്ററുകൾ ദൂരത്തുള്ള മണ്ണാർക്കാട്ടേക്ക് എത്തുന്നത് സാധാരണക്കാർക്ക് സാമ്പത്തികസമയ നഷ്ടം ഉണ്ടാക്കുന്നു. നിസാര കേസുകൾക്ക് ശനിയാഴ്ച ഒരാൾ അറസ്റ്റു ചെയ്യപ്പെട്ടാൽ ജാമ്യം ലഭിക്കണമെങ്കിൽ വ്യാഴാഴ്ച വരെ കാത്തിരിക്കേണ്ട സ്ഥിതിയാണിപ്പോൾ. എന്തെങ്കിലും സാഹചര്യംകൊണ്ട് അന്ന് എ.പി.പി അവധി ആണെങ്കിൽ കാത്തിരിപ്പ് പിന്നെയും നീളും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആദിവാസി വിഭാഗങ്ങൾക്കാണ് ഇതുമൂലം കൂടുതൽ ബുദ്ധിമുട്ട്.

ഏഴുമാസം 2150 കേസുകൾ

തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ മണ്ണാർക്കാട് കോടതിയിലും വ്യാഴവും വെള്ളിയും അട്ടപ്പാടി കോടതിയിലുമാണ് നിലവിൽ എ.പി.പി പ്രവർത്തിക്കുന്നത്. ഇതുമൂലം ജാമ്യ അപേക്ഷകൾ സമർപ്പിക്കാനും കേസ് സംബന്ധിച്ച ചർച്ചകൾ നടത്താനുമെല്ലാം വാദി വിഭാഗം ബുദ്ധിമുട്ടുന്നതായാണ് ആക്ഷേപം. ആഴ്ചയിൽ രണ്ടുദിവസം മാത്രമായതിനാൽ കേസുകളുടെ ബാഹുല്യം മൂലം ഇവ കൃത്യമായി പഠിക്കാനും സാധിക്കാത്ത സ്ഥിതിയുണ്ട്. കഴിഞ്ഞ ഏഴുമാസത്തിനുള്ളിൽ 650 സിവിൽ കേസുകളും 1500 ക്രിമിനൽ കേസുകളുമാണ് അട്ടപ്പാടി കോടതിയിലെത്തിയത്. സ്ഥിരം പ്രോസിക്യൂട്ടർ ഇല്ലാത്തതിനാൽ ഇവയുടെ തീർപ്പ് കൽപ്പിക്കുന്നത് അനന്തമായി നീളുന്നതിന് കാരണമാകുന്നുണ്ട്.

നോക്കുകുത്തിയായി പി.എസ്.സി റാങ്ക് ലിസ്റ്റ്

സാധാരണഗതിയിൽ ഒരുസ്ഥലത്ത് കോടതി സ്ഥാപിക്കാൻ തീരുമാനിച്ചാൽ ആദ്യം ജീവനക്കാരുടെ തസ്തികകൾ സൃഷ്ടിക്കും. അട്ടപ്പാടി കോടതിയിലേക്ക് രണ്ട് വർഷം മുമ്പ് തന്നെ മറ്റു തസ്തികകൾ തീരുമാനമായെങ്കിലും അസി. പബ്ലിക് പ്രോസിക്യൂട്ടർ, എ.പി.പിയുടെ ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകൾ സൃഷ്ടിച്ചിട്ടില്ല. എ.പി.പിക്ക് ഓഫിസ് പോലും അനുവദിക്കപ്പെട്ടിട്ടില്ല. എ.പി.പിമാരുടെ പി.എസ്.സി റാങ്ക് ലിസ്റ്റ് ഉണ്ടെങ്കിലും നടപടിയായിട്ടില്ല. ഇതു സംബന്ധിച്ച ഫയൽ ആഭ്യന്തര വകുപ്പിൽ കാത്തുകെട്ടി കിടക്കുകയാണ്. സ്ഥിരം പ്രോസിക്യൂട്ടർ നിയമനം വൈകുന്നത് ആദിവാസി വിഭാഗങ്ങളോടുള്ള അവഗണനയാണെന്നും വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് വിശ്വാസ് സംഘടന ഹൈകോടതിയിലും സർക്കാരിനും നിവേദനം നൽകിയിട്ടുണ്ടെന്ന് ഭാരവാഹികൾ വ്യക്തമാക്കി.