പാലക്കാട്: 2024 ജൂലായ് 12 മുതൽ 21വരെ അമേരിക്കയിലെ ക്ലീവ്ലാൻഡിലെ ജോർജ് ഫിന്നി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന പാൻ അമേരിക്കൻ മാസ്റ്റേഴ്സ് ഗെയിംസിൽ പാലക്കാട് നിന്നുള്ള ഡോ ജൂബി ജോസിനു ഉജ്ജ്വല വിജയം. 48 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ അണിനിരന്ന മേളയിൽ 40 -45 വയസുകാരുടെ 100 മീറ്റർ അത്‌ലറ്റിക്സിൽ വെള്ളി നേടി ഡോ.ജൂബി. മാസ്റ്റേഴ്സ് ഗെയിംസിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ വനിതയായി തിരഞ്ഞെടുക്കപ്പെട്ട താരം 200 മീറ്റർ, 400 മീറ്റർ എന്നിവയിൽ വെങ്കലവും നേടി. പാൻ അമേരിക്കൻ മാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും മെഡൽ ലഭിക്കുന്ന ഏക ഇന്ത്യൻ താരമാണ് ഡോ.ജൂബി ജോസ്. പാലക്കാട് ചുണ്ണാമ്പുതറ ഇന്ദ്രാണി നഗറിൽ മഹാലക്ഷ്മി വീട്ടിൽ ഡോ.അലക്സ് കുര്യനാണ് ഭർത്താവ്. മക്കൾ: അഭയ്, അലൈന. ജി.വി രാജ അവാർഡ് ജേതാവും സി.എഫ്.ഡി മാത്തൂർ സ്‌കൂളിലെ കായികാദ്ധ്യാപകനായ സുരേന്ദ്രനാണ് പരിശീലകൻ. ക്ലീവ്ലാൻഡ് മേയർ ജസ്റ്റിൻ ബിബ്ബ് ഉദ്ഘാടനം നിർവഹിച്ച മേളയിൽ 30ൽ പരം കായികയിനങ്ങൾ നടന്നു.