പാലക്കാട്: 2023-24 സാമ്പത്തിക വർഷം ജില്ലയിലെ ബാങ്കുകൾ ആകെ നൽകിയത് 27,668 കോടി രൂപയുടെ വായ്പ. ജില്ലാ കളക്ടർ ഡോ.എസ്.ചിത്രയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്. വാർഷിക ക്രെഡിറ്റ് പദ്ധതിയുടെ 138.08 ശതമാനം ആണ് ഇത്. ആകെ വായ്പയിൽ 16,397 കോടി രൂപ മുൻഗണനാ മേഖലകൾക്കാണ് നൽകിയത്. 2024 മാർച്ച് 31 വരെയുള്ള ബാങ്കുകളുടെ വായ്പ നീക്കിയിരിപ്പ് 41,439 കോടി രൂപയും നിക്ഷേപം 55,121 കോടിയുമാണ്.
അസി. കളക്ടർ ഡോ.എസ്.മോഹനപ്രിയ അവലോകന സമിതി യോഗത്തിൽ മുഖ്യാതിഥിയായി. കനറാ ബാങ്ക് ഡിവിഷണൽ മാനേജർ പി.നവീനൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ക്രെഡിറ്റ് പ്ലാൻ 2024-25 ഡോ.എസ്.ചിത്ര പ്രകാശനം ചെയ്തു. ഡെപ്യൂട്ടി കളക്ടർ(ആർ.ആർ) സച്ചിൻ കൃഷ്ണ, ലീഡ് ഡിസ്ട്രിക്ട് മാനേജർ പി.ടി.അനിൽകുമാർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ലീഡ് ഡിസ്ട്രിക്ട് ഓഫീസർ ഇ.കെ.രഞ്ജിത്, നബാർഡ് ജില്ലാ അസി. ജനറൽ മനേജർ കവിത റാം എന്നിവർ ജില്ലയിലെ വിവിധ ബാങ്കുകളുടെ പ്രവർത്തനങ്ങളുടെ സമഗ്രമായ അവലോകനവും യോഗത്തിൽ നടത്തി. ബാങ്കുകളുടെയും സർക്കാർ വകുപ്പുകളുടെയും പ്രതിനിധികൾ പങ്കെടുത്തു.
16,397 കോടി രൂപ മുൻഗണനാ മേഖലകൾക്ക്
11,708 കോടി രൂപ കൃഷി മേഖലയ്ക്കും 3629 കോടി രൂപ മൈക്രോ, സ്‌മോൾ ആൻഡ് മീഡിയം എന്റർപ്രൈസുകൾക്കും 1060 കോടി രൂപ വിദ്യാഭ്യാസ വായ്പ, ഭവന വായ്പ എന്നിവ ഉൾപ്പെടെ മറ്റ് മുൻഗണനാ മേഖലകൾക്കും നൽകി. ആകെ വായ്പയിൽ 16,397 കോടി രൂപ മുൻഗണനാ മേഖലകൾക്കാണ് നൽകിയത്.