walayar
സംസ്ഥാന അതിർത്തിയായ വാളയാർ

പാലക്കാട്: ഉദ്യോഗസ്ഥതലത്തിലെ അഴിമതിയും കൈക്കൂലിയും നിറുത്തലാക്കി സംസ്ഥാന സർക്കാരിന്റെ നികുതിവരുമാനം ഗണ്യമായി വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മൂന്നു വർഷം മുമ്പ് വാളയാറിൽ ആരംഭിച്ച ഇന്റഗ്രേറ്റഡ് ചെക്‌പോസ്റ്റ് പദ്ധതി പാതിവഴിയിൽ. 'അഴിമതിമുക്ത വാളയാർ' പദ്ധതിയുടെ ഭാഗമായി 2021 ഫെബ്രുവരി 15ന് തറക്കല്ലിട്ട പദ്ധതി മൂന്ന് വർഷം പിന്നിട്ടിട്ടും പഴയ കെട്ടിടം പൊളിച്ചത് ഒഴിച്ചാൽ ഒരടിപോലം മുന്നോട്ടുപോയിട്ടില്ല. സംസ്ഥാന അതിർത്തിയിലെ മോട്ടർവാഹന ചെക്‌പോസ്റ്റുകൾ നിറുത്തലാക്കണമെന്ന കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിർദ്ദേശവും ദേശീയപാത അതോറിറ്റി സാങ്കേതിക ബുദ്ധിമുട്ടുകൾ അറിയിച്ചതുമാണ് സ്വപ്ന പദ്ധതി പാതിവഴിയിൽ നിലയ്ക്കാൻ കാരണം. 1958ൽ സംസ്ഥാന മോട്ടർ വാഹനവകുപ്പ് രൂപീകരിച്ചപ്പോൾ ആദ്യം സ്ഥാപിച്ച വാളയാർ ഇൻ ചെക്‌പോസ്റ്റാണ് ഇന്റഗ്രേറ്റഡ് ചെക്ക്‌പോസ്റ്റിനായി പൊളിച്ചുമാറ്റിയത്. ടെൻഡർ നടപടികളും വേഗത്തിൽ നടന്നു. ഊരാളുങ്കലിനും കോസ്റ്റ്‌ഫോഡിനുമായിരുന്നു നിർമ്മാണ ചുമതല. ഇവർക്ക് ആദ്യ ഗഡുവായി 2 കോടി രൂപയും കൈമാറി. കെട്ടിടം പൊളിച്ചിട്ടതിനു പിന്നാലെയാണ് അതിർത്തി ചെക്‌പോസ്റ്റുകൾ നിറുത്തലാക്കണമെന്ന കേന്ദ്ര നിർദ്ദേശമെത്തിയത്. പിന്നീട് തുടർ നടപടികളൊന്നുമായിട്ടില്ല. പൊളിച്ചുമാറ്റിയ സ്ഥലവും വേ ബ്രിഡ്ജും നിലവിൽ കാടുപിടിച്ച നിലയിലാണ്.

ന്യൂജനറേഷൻ ചെക്‌പോസ്റ്റ്

 സംസ്ഥാന സർക്കാരിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് വാളയാറിലെ ഇന്റഗ്രേറ്റഡ് ചെക്‌പോസ്റ്റ്.

 രാജ്യത്തെ ആദ്യ 'ന്യൂജനറേഷൻ' ചെക്‌പോസ്റ്റാണ് വാളയാറിൽ വിഭാവനം ചെയ്തത്.

 11 കോടി രൂപ സംസ്ഥാന സർക്കാർ വകയിരുത്തിയ പദ്ധതിക്ക് തറക്കല്ലിടുമ്പോൾ എഴു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു അന്നത്തെ മന്ത്രി എ.കെ.ശശീന്ദ്രൻ പ്രഖ്യാപിച്ചത്.

 ടോൾപ്ലാസയുടെ മാതൃകയിൽ 3 നിലകളുണ്ടാകും. വാഹനങ്ങൾ കടന്നു പോകുമ്പോൾ തന്നെ ഭാരം പരിശോധിക്കാൻ കഴിയുന്ന ആധുനിക സജ്ജീകരണങ്ങളുള്ള മൂന്ന് വേ ബ്രിഡ്ജുകളും ഒരു സ്റ്റാൻഡിംഗ് വേ ബ്രിഡ്ജുമുണ്ടാകും.

 16 കാമറകളും സി.സി ടി.വികളും തത്സമയ റെക്കോർഡിംഗ് സംവിധാനവും ചെക്‌പോസ്റ്റിലുണ്ടാകും.

 3 നിലകളിലെ താഴത്തെ നിലയിലാണു വേ ബ്രിഡ്ജ്. ഇവിടെ ലോറി ജീവനക്കാർക്കുള്ള വിശ്രമമുറിയും ശുചിമുറിയുമുണ്ടാകും.

 രണ്ടാം നിലയിൽ ഉദ്യോഗസ്ഥർക്കുള്ള വിശ്രമമുറി, അടുക്കള, ശുചിമുറി, മീറ്റിംഗ് ഹാളും മൂന്നാം നിലയിൽ ആധുനിക സംവിധാനങ്ങളുള്ള കൺട്രോൾ റൂമും വിവിധ ഓഫീസ് മുറികളുമാണ് ഒരുങ്ങുന്നത്.

 തിരുവനന്തപുരത്തു ട്രാൻസ്‌പോർട്ട് കമ്മിഷണർക്കു നിരീക്ഷിക്കാവുന്ന രീതിയിലാകും കൺട്രോൾ റൂം പ്രവർത്തനം.