elephant
elephant

പാലക്കാട്: രാമായണ പാരായണം കൊണ്ട് മുഖരിതമായ കർക്കടകത്തിൽ ഔഷധക്കഞ്ഞിയും ചികിത്സയുമൊക്കെയായി ആളുകൾ ആരോഗ്യ രക്ഷയിലേക്കും കടന്നു. വിശ്വാസവും ആചാരവും ആരോഗ്യവുമെല്ലാം മനുഷ്യന് മാത്രമല്ല നാട്ടിലെ ഗജവീരന്മാർക്കും ബാധകമാണ്. കർക്കടകം പിറന്നതോടെ ക്ഷേത്രങ്ങളിൽ ആനയൂട്ടിനും തുടക്കമായിട്ടുണ്ട്. ആനകളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകിയാണിത് നടത്തുന്നത്.

ആനകളുടെ ആരോഗ്യം വീണ്ടെടുക്കാനും ക്ഷീണമകറ്റാനുമുള്ളതാണ് കർക്കടക ചികിത്സ. സാധാരണ കൊടുക്കുന്നതിനെക്കാൾ കൂടുതൽ ആഹാരം നൽകുകയും നല്ല വിശപ്പുണ്ടാക്കുകയുമാണ് ചികിത്സയുടെ ഉദ്ദേശ്യം. കർക്കടകം തുടങ്ങും മുമ്പേ വിരയിളക്കാനുള്ള മരുന്ന് നൽകി ആനകളെ ചികിത്സയ്ക്ക് സജ്ജമാക്കിയിരുന്നു. പ്രകൃതിദത്തമായ മരുന്നുകളും ആയുർവേദ ഔഷധക്കൂട്ടുമാണ് ചികിത്സയ്ക്ക് ഉപയോഗിക്കുക. ആരോഗ്യ സംരക്ഷണത്തിന് പട്ടയ്ക്ക് പുറമെ പുല്ലും ലേഹ്യങ്ങളുമൊക്കെ നൽകാറുണ്ട്. മതിയായ ഉറക്കം, കുളി, കൃത്യമായ ഇടവേളകളിലെ വൈദ്യപരിശോധന എന്നിവയും സുഖചിത്സാ ഘട്ടങ്ങളിൽ അനിവാര്യം. ചികിത്സ പൂർത്തിയായ ശേഷവും ഏതാനും ദിവസങ്ങൾ വിശ്രമം (നല്ലരിക്ക) നൽകും. അപ്പോഴേക്കും ചിങ്ങമാസം പിന്നിടും. പിന്നെ പുത്തൻ ഉണർവോടെ വീണ്ടും ഉത്സവപ്പറമ്പുകളിലേക്ക്‌.

ദഹന വർദ്ധനയ്ക്ക് അഷ്ടചൂർണം

ദഹന വർദ്ധനയ്ക്ക് പ്രധാനമായും നൽകുന്നത് അഷ്ടചൂർണമാണ്. ച്യവനപ്രാശവും ലേഹ്യവും ഒപ്പം നൽകും. കരളിന്റെ പ്രവർത്തനം മെച്ചമാക്കാനുള്ള മരുന്നുകൾ, ലവണങ്ങൾ, വൈറ്റമിൻ ഗുളികകൾ, പ്രായമുള്ള ആനകൾക്ക് വാതത്തിനുള്ള മരുന്നുകൾ തുടങ്ങിയവയാണ് ക്രമത്തിൽ നൽകാറുള്ളത്. സാധാരണ നൽകാറുള്ള തെങ്ങോല, പനമ്പട്ട എന്നിവയ്ക്ക് പുറമെ അധിക അളവിൽ ചോറും നൽകും. ചെറുപയർ, മുതിര, ഉപ്പ്, കരിപ്പട്ടി, ചുവന്നുള്ളി എന്നിവ ചോറിനൊപ്പം ചേർത്ത് ഉച്ചയ്ക്ക് ശേഷം കൊടുക്കും.

തേച്ചുകുളി നിർബന്ധം

ചികിത്സയുടെ ഭാഗമായി എല്ലാ ദിവസവും രാവിലെ തേച്ചുകുളി നിർബന്ധമാണ്. ഒരു ദിവസം കുറഞ്ഞത് മൂന്നുകിലോ അരിയുടെ ചോറും ഒരു കിലോ ചെറുപയറോ മുതിരയോ നൽകും. ഈ കാലയളവിൽ ആനകൾക്ക് പൂർണ വിശ്രമം അത്യാവശ്യമാണ്. നിത്യേനയുള്ള കുളിക്കുപുറമേ കൃത്യസമയത്ത് ഭക്ഷണവും വെള്ളവും മരുന്നുമൊക്കെ നൽകി ഇവയെ പരിപാലിക്കാൻ പാപ്പാന്മാരും ശ്രദ്ധിക്കുന്നു.

പ്രതിദിനം 7000 രൂപ ചെലവ്

പാപ്പന്മാർക്കും ആനകളുടെ ഭക്ഷണത്തിനുമൊക്കെയായി ദിവസം 7000 രൂപ വരെ ചെലവ് വരുന്നതായി ആന ഉടമകൾ പറയുന്നു. മദപ്പാടിലുള്ള ചില ആനകൾ തീറ്റയെടുക്കൽ കുറവാണ്. എന്നാലും ആരോഗ്യപരിപാലനത്തിന് ഉടമകളും പാപ്പാന്മാരും വളരെയേറെ ശ്രദ്ധിക്കുന്നു.