മുതലമട: തുടർച്ചയായ മഴയിൽ ദുരിതത്തിലായിരിക്കുകയാണ് മുതലമട ഗോവിന്ദാപുരം മീങ്കര പാറമേട്ടിലെ നിരവധി കുടുംബങ്ങൾ. വീടിനു ചുറ്റിലും വഴിയിലും വെള്ളം കെട്ടിനിൽക്കുന്നത് കാരണം സ്വസ്ഥമായി ഉറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് വൃദ്ധ ദമ്പതികളായ പി.മണിയും(68) രാധാമണിയും(64). ഇവരോടൊപ്പം ഇവിടെ താമസിക്കുന്ന നിരവധി കുടുംബങ്ങളും ഇതേ ദുരിതം അനുഭവിക്കുന്നവരാണ്. പുറമ്പോക്കിലെ ഓലമേഞ്ഞ കുടിലിലാണ് 36 വർഷത്തിലധികമായി ഇവർ താമസിക്കുന്നത്. വീടും സ്ഥലവും വേണമെന്ന ആവശ്യവുമായി നിരവധി തവണ പഞ്ചായത്തിനെയും ജനപ്രതിനിധികളെയും സമീപിച്ചെങ്കിലും ഫലം കണ്ടില്ല. മാറിമാറി വന്ന ജനപ്രതിനിധികൾ വാഗ്ദാനങ്ങളും പ്രതീക്ഷകളും അല്ലാതെ മറ്റൊന്നും ഇവർക്ക് നൽകിയില്ല. ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷിെങ്കിലും ഇടം ലഭിച്ചില്ല. വീടിന്റെ മേൽക്കൂരയും അടിത്തറയും ബലക്ഷയം വന്ന് ദ്രവിച്ചിരിക്കുന്നു. മഴപെയ്താൽ ചോർന്നൊലിക്കുന്ന വെള്ളം വീടിനകത്ത് വീഴും. തുടർച്ചയായി മഴപെയ്താൽ വീടിനകത്ത് വെള്ളം കയറും. മണ്ണ് കൊണ്ടുള്ള അടിത്തറ നനഞ്ഞു കുതിരുമെന്നതിനാൽ നിലത്തുപോലും കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്ന് മണി പറയുന്നു.

നാടാർ സമുദായത്തിൽപെട്ട മണിയും രാധാമണിയും കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്. ഹൃദ്‌രോഗത്തെ തുടർന്ന് മണിക്കു ജോലിക്ക് പോവാൻ കഴിയാത്തതിനാൽ രാധാമണിയുടെ വരുമാനമാണ് ഏക ആശ്രയം. നാടാർ സമുദായ സംഘത്തിന്റെയും മറ്റു സംഘടനകളുടെയും സഹായത്തോടെയാണ് മണിയുടെ മരുന്നും മറ്റു ചിലവുകളും നടക്കുന്നത്. ഇവരുടെ ദുരവസ്ഥ മനസ്സിലാക്കി പ്രദേശത്ത് സമാന ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കും ആവശ്യമായ സഹായം ചെയ്യണമെന്നാണ് ഇവരുടെ അഭ്യർത്ഥന.