നെന്മാറ: കരിമ്പാറ, നിരങ്ങൻപാറയിൽ റബ്ബർ തോട്ടത്തിൽ മേയാൻ വിട്ട ആടിനെ പട്ടാപ്പകൽ പുലി പിടിച്ചു. കമ്പി വേലി കെട്ടി സംരക്ഷിച്ച റബ്ബർ തോട്ടത്തിനകത്ത് മേയാൻ വിട്ട നാല് ആടുകളിൽ ഒന്നിനെയാണ് മൂന്ന് മണിയോടെ പുലി പിടിച്ചത്. നിരങ്ങൻപാറ സ്വദേശി അദ്രു എന്ന ഐ.അബ്ദുൽ റഹ്മാന്റെ മൂന്നു വയസുള്ള മുട്ടനാടിനെയാണ് പുലി പിടിച്ചു കൊന്നത്. തോട്ടത്തിൽ മേഞ്ഞു നടന്ന മറ്റ് ആടുകൾ നിലവിളിച്ച് ഓടുന്നത് കണ്ട് എത്തിയ അദ്രു തോട്ടത്തിലെ ഷെഡിന്റെ പരിസരത്ത് രക്ത പാടുകൾ കണ്ടു. തുടർന്ന് രക്ത പാട് പിന്തുടർന്നു നടത്തിയ പരിശോധനയിലാണ് തോട്ടത്തിനകത്ത് ചെറിയ പൊന്തക്കാടിനകത്ത് ഭാഗികമായി തിന്ന ആടിന്റെ ജഡം കണ്ടത്. ഉടമയുടെ സാന്നിധ്യം മനസ്സിലാക്കിയ പുലി ആടിനെ ഉപേക്ഷിച്ച് അഞ്ചടിയിലേറെ ഉയരമുള്ള വേലി ചാടിക്കടന്നു പോയതായാണ് കാൽപ്പാടുകളിൽ നിന്ന് അനുമാനിക്കുന്നത്. തിരുവഴിയാട് സെക്ഷൻ വനം അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് വനംജീവനക്കാർ സ്ഥലത്തെത്തി മണ്ണിൽ പതിഞ്ഞ കാൽപ്പാടുകളിൽ നിന്ന് പുലിയുടെ സാന്നിധ്യം ഉറപ്പാക്കി.
റബ്ബർ തോട്ടത്തിന്റെ സമീപത്തായി നിരവധി വീടുകളും അങ്കണവാടിയും ഉള്ള പ്രദേശത്ത് പകൽ സമയത്ത് പുലി ആടിനെ പിടിച്ചത് പ്രദേശവാസികളെ ഭീതിയിലാക്കി. സമീപവാസികളായ വി.ഉണ്ണിക്കൃഷ്ണൻ, എം.രഘു, സുന്ദരൻ, മണി എന്നിവരുടെ നാല് വളർത്തു നായ്ക്കളെ ഒന്നര മാസത്തിനിടെ പുലി പിടിച്ചിരുന്നു. പകൽസമയത്തും പുലി ആടിനെ പിടിക്കാൻ വന്നതോടെ സമീപപ്രദേശമായ ചേവിണി, കോപ്പൻകുളമ്പ് ഭാഗത്തെ ആടു കർഷകരും ഭീതിയിലായിട്ടുണ്ട്.