ചിറ്റൂർ: ഗ്രാമീണ ജനതയുടെ പ്രത്യേകിച്ച് ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ശിശുക്കൾ എന്നിവരുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി ആരംഭിച്ച സബ് സെന്ററുകളിൽ ഭൂരിഭാഗവും ജീർണ്ണിച്ച് നശിക്കുന്നു. പാലക്കാട് ചില പഞ്ചായത്തുകളിലേത് ഒഴികെ ഭൂരിപക്ഷം സെന്റുകളും പ്രവർത്തനരഹിതമാണ്. പല സെന്ററുകളും വിഷ പാമ്പുകളുടേയും ക്ഷുദ്ര ജീവികളുടേയും താവളമായി കാടുകേറി കിടക്കുന്നു. നല്ലേപ്പിള്ളി പഞ്ചായത്തിൽ എട്ടു സബ് സെന്ററുകളാണ് പ്രവർത്തിച്ചിരുന്നത്. ഇതിൽ ഏഴെണ്ണത്തിനും സ്വന്തം കെട്ടിടമാണ്. ഇതിൽ ഒന്നോ രണ്ടോ ഒഴികെ മറ്റെല്ലാം ചിതലരിച്ച് ദ്രവിച്ച് നിലംപൊത്താറായ അവസ്ഥയിലാണ്. കെട്ടിടം താമസയോഗ്യമല്ലാതായതോടെ ജെ.പി.എച്ച്.എൻമാർ സബ് സെന്ററുകളിലെ താമസം മാറ്റി. സ്വന്തം വീട്ടിലോ വാടക വീട്ടിലൊ താമസിച്ചാണ് ഇവർ ഫീൽഡ് ജോലികൾ നോക്കുന്നത്. ജീർണ്ണാവസ്ഥയിലായ സബ്ബ് സെന്ററുകൾ എത്രയും വേഗം പ്രവർത്തന സജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മാതൃശിശു ആരോഗ്യ സംരക്ഷണ കേന്ദ്രം
5000 പേർക്ക് ഒരെണ്ണം എന്ന രീതിയിലാണ് മാതൃശിശു ആരോഗ്യ സംരക്ഷണ കേന്ദ്രം എന്ന പേരിൽ സബ് സെന്ററുകൾ പ്രവർത്തനം ആരംഭിച്ചത്.
ഓരോ പഞ്ചായത്തിലും അഞ്ചു മുതൽ 10 വരെ സബ് സെന്ററുകൾ അനുവദിച്ചിരുന്നു.
ഇവിടങ്ങളിൽ ഓരോ നഴ്സുമാരെ(ജെ.പി.എച്ച്.എൻ) നിയമിച്ച് അവർക്ക് സെന്ററുകളിൽ താമസ സൗകര്യവും ഒരുക്കി.
അവരവരുടെ സബ് സെന്റർ പരിധിയിലെ വീടുകൾ സന്ദർശിച്ച് ഇവർ മാസത്തിൽ ഒരു തവണ വിവര ശേഖരണം നടത്തിയിരുന്നു.
ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ശിശുക്കൾ, വനിതകൾ എന്നിവർക്ക് ആരോഗ്യ സംബന്ധമായ പ്രാഥമിക വിദ്യാഭ്യാസവും മരുന്നുകളും നൽകി.
നിശ്ചിത ദിവസങ്ങളിൽ സെന്ററുകളിൽ പ്രാഥമിക ശുശ്രൂഷകളും കുട്ടികൾക്കും മറ്റും ആവശ്യമായ കുത്തിവയ്പ്പും നൽകി. മഴക്കാല, വേനൽക്കാല രോഗങ്ങൾക്കെതിരെ ബോധവത്കരണവും നൽകി.
അധികാര വികേന്ദ്രികരണത്തിന്റെ ഭാഗമായി സബ് സെന്ററുകൾ പഞ്ചായത്തുകൾക്ക് കൈമാറിയതോടെ മേൽനോട്ടം പഞ്ചായത്തിന്റേതായി.