palakkad

വീണ്ടുമൊരു ത്രികോണപ്പോരിന് തയ്യാറെടുക്കുകയാണ് പാലക്കാട് നിയമസഭാ മണ്ഡലം. വടകരയിൽ നിന്ന് ഷാഫി പറമ്പിൽ പാർലിമെന്റിലേക്ക് വണ്ടികയറിയതോടെയാണ് പാലക്കാട് നിയമസഭാ മണ്ഡലം വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. സിറ്റിംഗ് സീറ്റ് നിലനിറുത്തി തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നേ ഒരുവട്ടം കൂടി ശക്തിതെളിയിക്കുകയാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. ലോക്സസഭാ തിരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിൽ നിന്ന് മുക്തരായിട്ടില്ല ഇടതുമുന്നണിയെങ്കിലും പാലക്കാടും ചേലക്കരയും പിടിച്ച് നിയമസഭയിൽ സെഞ്ച്വറി അടിക്കാനാണ് എൽ.ഡി.എഫിന്റെ ലക്ഷ്യം. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ താമരവിരിയിച്ചതിന്റെ ആത്മവിശ്വാസത്തിലുള്ള ബി.ജെ.പി പാലക്കാടിനായി ആഞ്ഞുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ശക്തമായ പോരാട്ടം നടന്ന നിയമസഭാ മണ്ഡലങ്ങളിൽ ഒന്നായിരുന്നു പാലക്കാട്. അവസാന നിമിഷം വരെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ എൻ.ഡി.എ സ്ഥാനാർത്ഥി മെട്രോമാൻ ഇ.ശ്രീധരനെ നിലംപരിശാക്കിയായിരുന്നു ഷാഫി മൂന്നാമതും പാലക്കാട് നിന്ന് നിയമസഭയിലേക്ക് ജയിച്ചു കയറിയത്. അന്ന് വെറും 3863 വോട്ടുകൾക്കായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി പിന്നിൽ പോയത്. വീണ്ടുമൊരു തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പാലക്കാട് മണ്ഡലത്തിൽ എന്ത് സംഭവിക്കും എന്നത് പ്രവചനാതീതമാണ്.

കോൺഗ്രസിൽ

സ്ഥാനാർത്ഥികളുടെ നീണ്ടനിര

പാലക്കാട് നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ആസന്നമായതോടെ സീറ്റിനായി കോൺഗ്രസിൽ നേതാക്കൻമാരുടെ ഉന്തും തള്ളും. സീനിയർ നേതാക്കളും യുവനേതാക്കളും പാലക്കാട് സീറ്റിനായി കാത്തിരിക്കുകയാണ്.

സ്ഥാനാർത്ഥിയാകുമെന്ന് അണികൾക്കിടയിൽ തന്നെ പ്രചരിക്കുന്നതിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, കോൺഗ്രസ് ഡിജിറ്റൽ മീഡിയാ സെൽ കൺവീനർ ഡോ. പി.സരിൻ, മുൻ എം.എൽ.എ. വി.ടി.ബൽറാം എന്നിവരുടെ പേരുകളാണ് സ്ഥാനാർത്ഥി ചർച്ചകളുടെ ആദ്യഘട്ടത്തിൽ ഉയരുന്നത്.

സ്ഥാനാർത്ഥിത്വമോഹികൾ പലരും നേരിട്ട് നിവേദനങ്ങളുമായി നേതൃത്വത്തിന് അടുത്തേക്ക് എത്തിത്തുടങ്ങിയതായാണ് സൂചനകൾ. എന്നാൽ, ജയസാദ്ധ്യതയേറെയുള്ളതായി കോൺഗ്രസ് കരുതുന്ന പാലക്കാട് സീറ്റിൽ ആര് എന്ന ചോദ്യത്തിന് ഏറെ കരുതേലാടെ മാത്രമേ കോൺഗ്രസ് നേതൃത്വം തീരുമാനമെടുക്കൂ. 40,000ത്തോളം ന്യൂനപക്ഷ വോട്ടുകളുള്ള മണ്ഡലമാണ് പാലക്കാട്. ഇവിടെ പൊതുസമ്മതനായ സ്ഥാനാർത്ഥിയെ കണ്ടെത്താൻ ആവശ്യമായ സമയത്ത് ഉചിത തീരുമാനമെടുക്കുമെന്നാണ് നേതൃത്വത്തിന്റെ നിലപാട്.

ആത്മവിശ്വാസത്തിൽ

എൻ.ഡി.എ

ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മികച്ച മുന്നേറ്റം നടത്തിയ ബി.ജെ.പി അടുത്തതായി ലക്ഷ്യമിടുന്നത് പാലക്കാട് നിയമസഭ മണ്ഡലമാണ്. ആഞ്ഞ് ശ്രമിച്ചാൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ചെറിയ ഭൂരിപക്ഷത്തിന് നഷ്ടമായ മണ്ഡലം പിടിക്കാൻ കഴിയുമെന്നാണ് പാർട്ടി ഉറച്ച് വിശ്വസിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റവും ഷാഫി പറമ്പിൽ മാറിയതും ബി.ജെ.പി ഗുണകരമായി കാണുന്നു. 2021ൽ മെട്രോമാൻ ഇ. ശ്രീധരനെ ഇറക്കി മണ്ഡലത്തിൽ ബി.ജെ.പി വലിയ മുന്നേറ്റം കാഴ്ചവെച്ചിരുന്നെങ്കിലും നേരിയ വ്യത്യാസത്തിന് വിജയം അകന്നുനിന്നു.

വോട്ടെണ്ണലിന്റെ ഭൂരിപക്ഷം സമയവും ഇ.ശ്രീധരനായിരുന്നു മുന്നിട്ട് നിന്നതെങ്കിൽ അവസാന നിമിഷം ഷാഫി പറമ്പിൽ കയറിവരികയായിരുന്നു. കേവലം 3859 വോട്ടിനായിരുന്നു അന്നത്തെ യു.ഡി.എഫ് വിജയം. ഷാഫി പറമ്പിൽ 54079, ഇ. ശ്രീധരൻ 50220 , സി.പി. പ്രമോദ് 36433 എന്നിങ്ങനെയായിരുന്നു വോട്ടുനില.

മണ്ഡലത്തിൽ ഷാഫി പറമ്പിലിനുള്ള വ്യക്തി സ്വാധീനവും സി.പി.എം ക്രോസ് വോട്ട് ചെയ്തതുമാണ് കഴിഞ്ഞ തവണ യു.ഡി.എഫ് വിജയത്തിൽ നിർണായകമായതെന്ന വിലയിരുത്തൽ ബി.ജെ.പിക്കുണ്ട്. ഇത്തവണ യു.ഡി.എഫ് സ്ഥാനാർത്ഥി ആരായാലും തന്നെ പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പിലിന്റെ അത്ര സ്വാധീനം ചെലുത്താൻ കഴിയില്ലെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു.

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിലും ബി.ജെ.പിയിൽ സ്ഥാനാർത്ഥി ചർച്ചകൾ സജീവമാണ്. സി. കൃഷ്ണകുമാർ, ശോഭ സുരേന്ദ്രൻ, സന്ദീപ് വാര്യർ എന്നിവരുടെ പേരുകളാണ് ബി.ജെ.പിയിൽനിന്ന് പ്രധാനമായി ഉയർന്ന് കേട്ടിരുന്നത്. പ്രാദേശിക ഘടകത്തിനും ജില്ല ഘടകത്തിനും താൽപര്യം സി. കൃഷ്ണകുമാറിനോടാണ്. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും സി. കൃഷ്ണകുമാറിന്റെ കാര്യത്തിൽ എതിർപ്പില്ലെന്നാണ് അറിയുന്നത്. ഉപതിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുക മണ്ഡലത്തെ അടുത്ത് അറിയുന്ന സി. കൃഷ്ണകുമാറാണെന്ന നിലപാടും മണ്ഡലജില്ല നേതൃത്വങ്ങളിലുണ്ട്.

ഏകോപനച്ചുമതല എൻ.ഡി.എ.

സംസ്ഥാന നേതാക്കൾക്ക്

പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വരാനിരിക്കെ അണിയറ പ്രവർത്തനങ്ങൾ സജീവമാക്കി എൻ.ഡി.എ. എല്ലാ ഘടകകക്ഷികളുടെയും സംസ്ഥാന നേതാക്കൾക്ക് മണ്ഡലത്തിൽ ഏകോപനച്ചുമതല നൽകാൻ തീരുമാനം. രണ്ടുദിവസം മുമ്പ് തൃശ്ശൂരിൽ നടന്ന എൻ.ഡി.എ. യോഗത്തിലാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് വിഷയവും ചർച്ചയായത്.

തിരഞ്ഞെടുപ്പിനെ കോൺഗ്രസ് ജാഗ്രതയോടെ സമീപിക്കുന്നതിനാൽ കരുതലോടെ നീങ്ങാനാണ് എൻ.ഡി.എയുടെയും തീരുമാനം. കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെക്കുറിച്ച് ചില പേരുകൾ ചർച്ചയിലുണ്ടെങ്കിലും സി.പി.എമ്മിന്റെ സ്ഥാനാർത്ഥി ആരെന്നതിനെക്കുറിച്ച് വ്യക്തതയില്ല.

ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ പാലക്കാട് ഉപതിരഞ്ഞെടുപ്പ് സി.പി.എമ്മിനും അഭിമാനപ്രശ്നമായാൽ ശക്തനായ സ്ഥാനാർഥി വരുമെന്ന് എൻ.ഡി.എ. പ്രതീക്ഷിക്കുന്നുണ്ട്. ഇതുൾപ്പെടെയുള്ള വിഷയങ്ങൾ പഠിച്ചശേഷമായിരിക്കും എൻ.ഡി.എ. സ്ഥാനാർത്ഥിയെ തീരുമാനിക്കുക.

തിരിച്ചുപിടിക്കാൻ

എൽ.ഡി.എഫ്

2011 നഷ്ടപ്പെട്ട മണ്ഡലം ഉപതിരഞ്ഞെപ്പിലുടെ തിരിച്ചുപിടിക്കാനാണ് സി.പി.എമ്മും ഇടതുപക്ഷവും ഇറങ്ങുന്നത്. ഇതിന് മുമ്പ് 2006ലാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ട്രേഡ് യൂണിയൻ നേതാവ് ദിവാകരൻ അന്ന് മണ്ഡലം ഇടതിനൊപ്പം എത്തിച്ചു. അന്ന് കോൺഗ്രസിന് വേണ്ടി കളത്തിലിറങ്ങിയത് എ.വി.ഗോപിനാഥാണ്. മുൻ ഡി.സി.സി പ്രസിഡന്റ് കൂടിയായ അദ്ദേഹം കോൺഗ്രസിൽ നിന്ന് രാജിവെച്ച് പുറത്തുവന്നു. നിലവിൽ അദ്ദേഹം ഇടതുപക്ഷത്തോടൊപ്പമാണ് സഹകരിക്കുന്നത്. സി.പി.എമ്മിൽ പാലക്കാട് സീറ്റ് സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചിട്ടില്ലെങ്കിലും യുവ നേതാവിനെ പരീക്ഷിക്കാനുള്ള സാദ്ധ്യതയേറെയാണ്. കൂടാതെ എ.വി.ഗോപിനാഥിനെ ഇടതു സ്വതത്ര്യനായി മത്സരിപ്പിക്കാനും സാദ്ധ്യതയുണ്ട്. സി.പി.എം മത്സരിച്ച സീറ്റ് ഘടക കക്ഷികൾക്ക് നൽകുന്ന കാര്യവും പരിഗണനയിലാണെന്നും റിപ്പോർട്ടുകളുണ്ട്. കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഇടതുപക്ഷത്തിന് അനുകൂലമാണ്. ഷാഫി പറമ്പിൽ മാറിയതിലൂടെ പാലക്കാട് നഗരസഭയും പിരായിരി പഞ്ചായത്തിലെയും ന്യൂനപക്ഷ വോട്ടുകളും തങ്ങൾക്ക് അനുകൂലമാക്കാനും ഇടതുപക്ഷം ശ്രമിച്ചേക്കും.