മുതലമട: കരിപ്പാരിച്ചള്ളയിൽ വൈദ്യുതി ലൈനിൽ പന വീണ് വൈദ്യുത ബന്ധം താറുമാറായി. കഴിഞ്ഞ ദിവസംപെയ്ത കനത്ത മഴയിലും കാറ്റിലുമാണ് വലിയ പന കടപുഴകി വീണത്. അഞ്ച് പോസ്റ്റുകൾ പൂർണ്ണമായി തകർന്നു. ഇത് മൂലം കരിപ്പാലിച്ചള്ള, വലിയച്ചള്ള, ആനപ്പന്തി തുടങ്ങിയിട സ്ഥലങ്ങളിലെ ഇരുനൂറോളം വീടുകളിലേയ്ക്കുള്ള വൈദ്യുതി വിതരണം തകരാറിലായി. പ്രധാന ട്രാൻസ്ഫോർമറിലേക്കുള്ള കണക്ഷൻ ലൈൻ പോകുന്ന വഴിയാണിത്. അപകടം കൃത്യസമയത്ത് കെ.എസ്.ഇ.ബിയെ നാട്ടുകാർ അറിയിച്ചതിനാൽ വലിയൊരു അപകടം ഒഴിവായി. ലൈൻ പുനഃസ്ഥാപിക്കാനും വൈദ്യുത പോസ്റ്റുകൾ സ്ഥാപിക്കാനും നാല് ദിവസം വേണ്ടിവരുമെന്നതിനാൽ താത്കാലികമായി സമീപത്തുള്ള ട്രാൻസ്‌ഫോർമറുകളിൽ നിന്നും വൈദ്യുതി ബാക്ക് ഫീഡ് ചെയ്തിട്ടുണ്ട്. ഏകദേശം 3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു.