dog

പട്ടാമ്പി: ജില്ലയിലെ പടിഞ്ഞാറൻ മേഖലയിൽ പട്ടാമ്പി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. ചാലിശ്ശേരി, നാഗലശ്ശേരി, പട്ടിത്തറ, കപ്പൂർ തുടങ്ങിയ ഗ്രാമ പഞ്ചായത്തുകളിലാണ് തെരുവുനായ്ക്കളുടെ ശല്യം ഏറ്റവും അധികം രൂക്ഷമായിട്ടുള്ളത്. പൊതുവഴികളിലൂടെ കുട്ടികൾക്കും പ്രായമുള്ളവർക്കും ഒറ്റയ്ക്കു നടക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. ചാലിശ്ശേരി പഞ്ചായത്തിലെ പെരുമണ്ണൂർ പ്രദേശത്ത് തെരുവുനായ്ക്കളോടുള്ള ഭീതിമൂലം ക്ഷീരകർഷകരായ വീട്ടമ്മമാർക്ക് ഈ രംഗത്ത് തുടരാനാവാത്ത സ്ഥിതിയാണുള്ളത്. പലരും കിട്ടിയ വിലയ്ക്ക് പശുക്കളെ വിറ്റു ഒഴിവാക്കിയതായി ക്ഷീരകർഷകനായ ചന്ദ്രശേഖരൻ പറഞ്ഞു.

പ്രധാന പാതയിലും ആൾസഞ്ചാരം കുറഞ്ഞ ഇടവഴികളിലുമാണ് പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ തെരുവുനായ്ക്കൾ അലഞ്ഞുനടക്കുന്നത്. കഴിഞ്ഞദിവസം പെരുമണ്ണൂരിൽ തെരുവുനായ്ക്കൾ കൂട്ടംകൂടി പിറകെ ഓടിച്ചതുമൂലം രണ്ടുപേർക്ക് വീണ് പരിക്കേറ്റിരുന്നു. പെരുമണ്ണൂർ പി.വി റൈസ് മിൽ ഉടമയുടെ ഭാര്യ ഫാത്തിമ, ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഹാദി എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഫാത്തിമ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

മഴക്കാലമായതോടെ പീടികത്തിണ്ണകളിലും ബസ്‌ സ്റ്റോപ്പുകളിലും ആളൊഴിഞ്ഞ വീടുകളിലുമാണ് നായ്ക്കൾ കൂട്ടംകൂടി നിൽക്കുന്നത്. ഒഴിഞ്ഞ സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതും നായ്ക്കൾ കൂട്ടംകൂടി എത്തുന്നതിന് കാരണമാകുന്നുണ്ട്.

വാഹനാപകടങ്ങൾ പതിവ്

കഴിഞ്ഞ ദിവസം ചാലിശ്ശേരി പെരിങ്ങോട് റോഡിൽ ഇരുചക്രവാഹന യാത്രക്കാർക്കുനേരെയും തെരുവുനായ്ക്കൾ കുരച്ച് ചാടിയിരുന്നു. സ്വകാര്യ കമ്പനിയുടെ വിതരണക്കാരനും തളി സ്വദേശിയുമായ ബിനുവിനും (22) ഈവിധത്തിൽ വാഹനത്തിൽനിന്നുവീണ് പരിക്കേറ്റിരുന്നു. കപ്പൂരിൽ ഡോളർ പാർലറുകൾ വിതരണം ചെയ്യാനെത്തിയ കൊറിയർ കമ്പനി പ്രതിനിധി കടി ഏൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.