urul
മംഗലംഡാം മലയോര മേഖലയിൽ ഓടംതോട് പടങ്ങിട്ട തോട്ടിൽ ഉരുൾപൊട്ടലിൽ റോഡ് ഒലിച്ച് പോയ നിലയിൽ.

വടക്കഞ്ചേരി: കനത്ത മഴയ്ക്ക് പിന്നാലെ മംഗലംഡാം മലയോര മേഖലയിൽ മൂന്നിടത്ത് ഉരുൾപ്പൊട്ടി. രണ്ടിടത്ത് മണ്ണിടിച്ചിൽ. ഇരുപതോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത കനത്ത മഴയിലാണ് വ്യാപക നാശനഷ്ടമുണ്ടായത്. മംഗലംഡാം മലയോര മേഖലയിൽ ഓടംതോട് പടങ്ങിട്ട തോട്ടിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് 200 മീറ്ററോളം റോഡ് ഒലിച്ച് പോയി. ആറ് കുടുംബങ്ങൾ ഒറ്റപ്പെട്ടു. കടപ്പാറ മേരി മാതാ എസ്റ്റേറ്റിലും വട്ടപ്പാറ മുക്കാടൻ പ്ലാന്റേഷനിലും ഉരുൾപ്പൊട്ടി. കടപ്പാറ കോളനിക്ക് സമീപവും, തളികകല്ല് ആദിവാസി കോളനിയിലും മണ്ണിടിച്ചിൽ ഉണ്ടായി.തളികകല്ലിൽ തോട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് പതിനഞ്ചോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. മംഗലംഡാം പന്നികുളമ്പിൽ മുപ്പതോളം വീടുകളിൽ വെള്ളം കയറി. വടക്കഞ്ചേരി ദേശീയപാതയോരത്തും, വിവിധ പ്രദേശങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് ഉണ്ടായിട്ടുള്ളത്. പാലക്കുഴിയിലും ശക്തമായ മലവെള്ളപാച്ചിൽ ഉണ്ടായി. രാത്രി വൈകിയും മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്.

മംഗലം അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി
മലയോര മേഖലയിൽ കനത്ത മഴയെ തുടർന്ന് മംഗലം അണക്കെട്ടിന്റെ ആറു ഷട്ടറുകളും തുറന്നു. അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ 65 സെ.മീ വീതവും ബാക്കി മൂന്ന് ഷട്ടറുകൾ 120 സെ.മീ വീതവുമാണ് തുറന്നിരിക്കുന്നത് . ഷട്ടറുകൾ തുറന്നതിനെ തുടർന്ന് വടക്കേക്കളം പറശ്ശേരി റൂട്ടിലെ കല്ലാനക്കര പാലത്തിൽ കൂടെയുള്ള ഗതാഗതം സ്തംഭിച്ചു. കല്ലാനക്കര പാലത്തിനു സമീപം താഴ്ച്ച ഉള്ള റോഡിന് മുകളിലൂടെ വെള്ളം ഒഴുകുന്നതാണ് ചെറു വാഹനങ്ങൾക്കുള്ള ഗതാഗതം സ്തംഭിക്കാൻ ഇടയായത്. കല്ലാനക്കര പാലത്തിനു താഴെയുള്ള കരിങ്കയം തോട്ടിലും വെള്ളം ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ചൂരക്കോട് ഭാഗത്ത് ഉള്ള രണ്ട് വീടുകളിൽ വെള്ളം കയറി. ഇനിയും മംഗലം അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നാൽ ചൂരക്കോട് ഭാഗത്തുള്ള നിരവധി വീടുകളിൽ വെള്ളം കയറാൻ ഉള്ള സാധ്യത കണക്കിലെടുത്ത് പരിസര പ്രദേശത്തുള്ള സന്നദ്ധസേന പ്രവർത്തകർ വീട്ടിൽ നിന്നും ആളുകളെ മാറ്റി പാർപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.