പാലക്കാട് ജില്ലയിൽ മൂന്നുദിവസം മഴയ്ക്ക് സാദ്ധ്യത ഇന്ന് യെല്ലോ അലേർട്ട് ഇതുവരെ 35 ക്യാമ്പുകൾ തുറന്നു 512 കുടുംബങ്ങൾ ക്യാമ്പിൽ
പാലക്കാട്: തോരാതെ പെയ്യുന്ന മഴയിൽ പാലക്കാട് വീണ്ടും ദുരന്തമുഖത്ത്. മലയോര മേഖലകളിൽ മഴ ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് താലൂക്കുകളിലായി 35 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 512 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. ആലത്തൂർ താലൂക്കിലാണ് കൂടുതൽ ക്യാമ്പുകളുള്ളത്. ഇവിടെ 20 ക്യാമ്പിലായി 380 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മഴ നിറുത്താതെ പെയ്യുന്നതിനാൽ നഗരത്തിൽ ഉൾപ്പെടെ പല കോളനികളും വെള്ളം കയറി.
നഗരത്തിൽ ശംഖുവാരത്തോട്, സുന്ദരം കോളനി, കൽപ്പാത്തി, ശേഖരിപുരം, ചാത്തപുരം എന്നിവിടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. കൊല്ലങ്കോട് -പാലക്കാട്, കുഴൽമന്ദം -പാലക്കാട്, കൊടുവായൂർ -പാലക്കാട്, പാലന ആശുപത്രിക്ക് മുന്നിൽ, തണ്ണീർപന്തൽ, ചേരാമംഗലം, അയിലൂർ, മംഗലം ഡാം പ്രദേശം എന്നിവങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. പലയിടത്തും റോഡും നെൽപ്പാടങ്ങളും തിരിച്ചറിയാൻ കഴിയാത്തവിധം ഒരുപോലെ വെള്ളത്തിനടിയിലായിനാൽ യാത്രാ ദുരിതം തുടരുന്നു. റെയിൽവേ ട്രാക്കിലേക്ക് മരംവീണും വെള്ളം കയറിയും ഷൊർണൂർ മുതൽ പാലക്കാട് വരെയുള്ള തീവണ്ടി ഗതാഗതം റദ്ദാക്കി. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിനോധ സഞ്ചാര മേഖലയിൽ യാത്രാവിലക്കേർപ്പെടുത്തിയിട്ടുണ്ട്.
നഗരത്തിലെ പ്രധാന ഹൗസിംഗ് കോളനികളെല്ലാം വെള്ളത്തിനടിയിലാണ്. മാർക്കറ്റ് റോഡ്, കല്ലേക്കുളങ്ങര ക്ഷേത്രം, പുത്തൂർ മാതൃഭൂമിക്ക് സമീപം ഹൗസിംഗ് കോളനികളിലും വെള്ളം കയറി, മുക്കൈപുഴയിൽ വെള്ളം കയറിയതിനാൽ ഗതാഗതം വഴിതിരിച്ചുവിട്ടു. താണാവ് ഫോറസ്റ്റ് ഓഫീസിന് മുന്നിൽ മരം വീണു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
വള്ളുവനാടാൻ മേഖല കനത്ത മഴയേയും മണ്ണിടിച്ചലിനെയും തുടർന്ന് ഒറ്റപ്പെട്ട നിലയിലാണ്. പട്ടാമ്പി പാലം വെള്ളത്തിനടിയിലായതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. ആളിയാറിൽ നിന്ന് വെള്ളം തുറന്നു വിട്ടതിനാൽ ഗായത്രിപ്പുഴയിലും ജലനിരപ്പ് ഉയർന്നു, കൽപ്പാത്തിയും ഭാരതപ്പുഴയും കലങ്ങിമറിഞ്ഞ് ഒഴുകുകയാണ്. നെല്ലിയാമ്പതിയിലും സ്ഥിതിരൂക്ഷമായിരിക്കയാണ്. രണ്ടുദിവസമായി വൈദ്യുതി ഇല്ലാതായിട്ട്. ഇതേതുടർന്ന് ബി.എസ്.എൻ.എൽ ഓഫീസിന്റെ പ്രവർത്തനം നിലച്ചു. ഇതോടെ പ്രദേശത്തെ മൊബൈൽ ആശയവിനിമയ സാദ്ധ്യതയും ഇല്ലാതായിരിക്കുകയാണ്.