മണ്ണാർക്കാട്: അലനല്ലൂർ വെള്ളിയാർപുഴ കരകവിഞ്ഞ് കോഴിഫാമിലേക്ക് വെള്ളം കയറി 3000 കോഴികൾ ചത്തു. എടത്തനാട്ടുകര പാലക്കടവ് കറുത്താർവടക്കേതിൽ സഹലിന്റെ കോഴിഫാമിലാണ് വെള്ളം കയറിയത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. ആറ് ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പുഴയ്ക്ക് സമീപമുള്ള കൃഷിയിടത്തിലാണ് കോഴിഫാമുള്ളത്. രാവിലെ കോഴിഫാമിലെത്തി നോക്കിയപ്പോഴാണ് രണ്ട് ഷെഡ്ഡുകളിൽ ഒന്നിൽ വെള്ളം കയറിയത് ശ്രദ്ധയിൽപെട്ടത്. 3000 കോഴികളെ രക്ഷിക്കാനായി. ഫാമിലുണ്ടായിരുന്ന കോഴിത്തീറ്റയും മറ്റുപകരണങ്ങളും നശിച്ചു. വർഷങ്ങൾക്ക് മുമ്പ് കരടിയോട് ഉരുൾപൊട്ടലുണ്ടായപ്പോഴാണ് വെള്ളിയാർ പുഴയിൽ വലിയതോതിൽ മലവെള്ളപ്പാച്ചിലുണ്ടാവുകയും തീരപ്രദേശങ്ങളിലേക്ക് വെള്ളംകയറുകയും ചെയ്തത്. വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഇത്തരത്തിൽ വെള്ളപ്പൊക്കമുണ്ടാകുന്നത്.