road
മണ്ണിടിച്ചിലിനെ തുടർന്ന് തകർന്ന നെല്ലിയാമ്പതി ചുരം പാത

പാലക്കാട്: കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും നെല്ലിയാമ്പതി ഒറ്റപ്പെട്ടു. ചുരം പാത ഗതാഗതയോഗ്യമാക്കാൻ നാല് ദിവസമെങ്കിലും വേണ്ടിവരുമെന്ന് അധികൃതർ. പൊതുമരാമത്ത്, ജിയോളജി,​ പൊലീസ്, വനം വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും സംയുക്തമായി മേഖലയിലെ ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കുന്ന സ്വീകരിച്ചുവരികയാണ്.

 എൻ.ഡി.ആർ.എഫ് യോഗം ചേർന്നു

നെല്ലിയാമ്പതിയിൽ ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ സംബന്ധിച്ച് കെ.ബാബു എം.എൽ.എ, പാലക്കാട് ജില്ലാ കളക്ടർ ഡോ. എസ്.ചിത്ര എന്നിവരുടെ നേതൃത്വത്തിൽ നെന്മാറ ഗസ്റ്റ് ഹൗസിൽ ഉദ്യോഗസ്ഥ - രക്ഷാദൗത്യ സംഘങ്ങളുടെ സംയുക്ത യോഗം ചേർന്നു. രാത്രിയിലും രക്ഷാദൗത്യം തുടരുന്നതിന് ആവശ്യമായ വെളിച്ചം എത്തിക്കും. ഉരുൾപൊട്ടൽ തടസങ്ങൾ നീക്കുന്നതിന് കാലതാമസം ഉണ്ടായാൽ മേഖല ഒറ്റപ്പെടാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കും. ഗതാഗത സൗകര്യം പുനരാരംഭിക്കാൻ വൈകിയാൽ നെല്ലിയാമ്പതിയിലേക്ക് അരിയും പലവ്യഞ്ജന സാധനങ്ങളും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ എത്തിക്കാൻ നടപടി സ്വീകരിക്കും.

പാടഗിരി പോളച്ചിറക്കൽ ഹൈസ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ നൂറടി, പാടഗിരി പ്രദേശത്തെ 15 കുടുംബങ്ങളിലെ 35 പേര് താമസിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം നൂറടി, പാടഗിരി പ്രദേശത്ത് നൂറടിപ്പുഴ കരകവിഞ്ഞതിനെ തുടർന്ന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയതിനെ തുടർന്നാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. യോഗത്തിൽ നെന്മാറ പഞ്ചായത്ത് പ്രസിഡന്റ് പ്രബിത, ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, എ.ഡി.എം സി.ബിജു വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

 ചുരം റോഡ് തകർച്ച പ്രധാന പ്രശ്നം

നെന്മാറ: നെല്ലിയാമ്പതി ചുരം പാതയിൽ 26 ഇടങ്ങളിലാണ് മണ്ണും പാറയും മരങ്ങളും റോഡിലേക്ക് വീണ് ഗതാഗത തടസം നേരിടുന്നത്. മൂന്നു സ്ഥലങ്ങളിൽ റോഡിന്റെ സംരക്ഷണഭിത്തി കുത്തനെ ഇടിഞ്ഞ് തകർന്ന് അപകട ഭീഷണിയിലാണ്. ഈ പ്രദേശങ്ങളിൽ എതിർഭാഗത്തു നിന്ന് പുതുതായി മണ്ണുമാറ്റി റോഡ് സൗകര്യം ഏർപ്പെടുത്തുകയും ഇടിഞ്ഞ ഭാഗത്ത് സുരക്ഷാ വരമ്പും നിർമ്മിക്കേണ്ടതുണ്ട്. ഇതോടെ ചുരം റോഡിൽ 10 കിലോമീറ്റർ ഓളം ദൂരത്തിൽ ഗതാഗത തടസം ഉണ്ടായിരിക്കുകയാണ്. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ അത്യാവശ്യ പ്രദേശവാസികൾ അല്ലാത്ത ആരെയും നെല്ലിയാമ്പതി ചുരം റോഡിലേക്ക് കടത്തിവിടുന്നില്ല. മണ്ണു മാന്തിയന്ത്രം ഉപയോഗിച്ച് മാറ്റാൻ കഴിയാത്ത കൂറ്റൻ പാറക്കല്ലുകളും മറ്റും ജിയോളജി വകുപ്പിന്റെ നേതൃത്വത്തിൽ കംപ്രസറുകളും ജാക്കി ഹാമറും മറ്റും ഉപയോഗിച്ച് കഷണങ്ങളാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് റോഡിലേക്ക് ഒഴുകിയെത്തിയ രണ്ടടിയോളം പൊക്കത്തിൽ കിടക്കുന്ന ചളിയും, മണലും, മണ്ണും നീക്കുന്ന ജോലി പുരോഗമിക്കുകയാണ്. ബുധനാഴ്ച പകൽ സമയത്ത് ഉണ്ടായ ചെറിയ മഴയും ജോലികൾ തടസ്സപ്പെടുത്തി. വൈകിട്ട് മൂന്നുമണിയോടെ ആരംഭിച്ച ശക്തമായ മഴയെ തുടർന്ന് സ്ഥിരം റോഡിലെ പണികൾ ഇന്നലെ താൽക്കാലികമായി നിറുത്തി.