ചെങ്ങന്നൂർ : നിറഞ്ഞൊഴുകുന്ന വരട്ടാറിന്റെ വശ്യതയ്ക്കപ്പുറം കാഴ്ച പൊലിയുന്ന കണ്ണുകളിൽ ഭീതിനിറച്ച് ഏകാകിയായി കഴിയുകയാണ് വാഴാർമംഗലം തുണ്ടിയിൽ വീട്ടിൽ ചന്ദ്രമതി (68). കിഴക്കൻ വെള്ളത്തിന്റെ വരവിൽ പമ്പയിൽ ജലനിരപ്പ് ഉയർന്നാൽ കൈവഴിയായ വരട്ടാറിലും ഒഴുക്ക് വർദ്ധിക്കും. വരട്ടാർ തീരത്തെ വീട്ടുമുറ്റത്ത് വെള്ളം കയറിയാൽ ചന്ദ്രമതി ഒറ്റപ്പെടും.
വരട്ടാർ പുനരുദ്ധാരണത്തിന്റെ ഭാഗമായി ആഴംകൂട്ടിയതോടെ നദീതീരത്തെ വീടിന്റെ അപകട ഭീഷണിയ്ക്കൊപ്പമാണ് ചന്ദ്രമതിയുടെ ജീവിതം. തീരം ഇടിഞ്ഞ് വീട് നഷ്ടമാകുമെന്ന ആശങ്കയാണുള്ളത്.
2016ൽ സർക്കാർ പദ്ധതിയിൽ ലഭിച്ച കോൺക്രീറ്റ് വീട്
പ്രളയത്തിൽ നശിച്ചിരുന്നു. സർക്കാരിൽ നിന്ന് ലഭിച്ച ഒന്നേകാൽ ലക്ഷം രൂപയും ഭൂമി ഇൗടായി നൽകി ബാങ്ക് ലോൺ എടുത്ത നാലുലക്ഷം രൂപയും ചെലവിട്ടാണ് വീട് വാസയോഗ്യമാക്കിയത്. വായ്പാ തുക തിരിച്ചടയ്ക്കാനാകാതെ ഇപ്പോൾ ജപ്തി ഭീഷണിയിലുമാണ്. പ്രായത്തിന്റെ അവശതകളിൽ വീർപ്പുമുട്ടുന്ന ചന്ദ്രമതിക്ക് 85 ശതമാനം കാഴ്ചാ പരിമിതിയുണ്ട്.
കാഴ്ചാ പരിമിതിയുള്ളതിനാൽ വരട്ടാറിന്റെ തീരത്തെ വാസം ചന്ദ്രമതിയെ ഭീതിയിലാക്കുന്നു. മുറ്റത്ത് നിന്ന് കാൽതെറ്റിയിൽ ശക്തമായ ഒഴുക്കിൽ അകപ്പെടുന്ന അവസ്ഥ.