health

പത്തനംതിട്ട : പനി ബാധിച്ച് ചികിത്സതേടി ജില്ലയിലെ സർക്കാർ ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കൂടുകയാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഇന്നലെ 46 പേർക്കാണ് വൈറൽപ്പനി സ്ഥിരീകരിച്ചത്. ഒരു ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 35 പേർക്ക് ഇന്നലെ വൈറൽ പനി സ്ഥിരീകരിച്ചു. ഒരു ഡെങ്കിയും ഒരു എലിപ്പനിയും ഉച്ചവരെയുള്ള റിപ്പോർട്ടിൽ രേഖപ്പെടുത്തി. ഇടയ്ക്കിടെ പെയ്യുന്ന മഴയാണ് പ്രധാന കാരണം. വീടുകളിലും സ്ഥാപനങ്ങളിലും കൃത്യമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം ഉണ്ടെങ്കിലും നടപ്പാകുന്നില്ല. സ്വകാര്യ ആശുപത്രികളിലും നിരവധി പനി കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആ കണക്കുകൾ കൂടിയാകുമ്പോൾ പനി രോഗികളുടെ എണ്ണം വീണ്ടും കൂടും.

പനി ക്ലിനിക്കുകൾ ആരംഭിച്ചിട്ടില്ല

പനി കണക്കുകൾ വർദ്ധിക്കുമ്പോഴും ജില്ലയിലെ പ്രധാന ആശുപത്രികളിലൊന്നും പനി ക്ലിനിക്കുകൾ ആരംഭിച്ചിട്ടില്ല. ഇതുകാരണം മറ്റുരോഗികൾ ബുദ്ധിമുട്ടിലാകുന്നുണ്ട്. ആശുപത്രികളിലും തിരക്കേറുകയാണ്. പനിക്ക് പ്രത്യേകം ഒ.പി ക്രമീകരിച്ചാൽ വലിയ തിരക്ക് ഒഴിവാകും.

പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും തിരക്ക്

പനിക്ക് ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികളേക്കാൾ തിരക്കാണ് ജില്ലയിലെ പ്രാഥമിക ആശുപത്രികളിൽ. 100ൽ അധികം പേർ ജില്ലയിലെ വിവിധ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തുന്നുണ്ട്. പന്തളം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഇന്നലെ വന്ന 250 പേരിൽ 150 പേർക്കും വൈറൽ പനിയാണ്. ജൂൺ മാസത്തിൽ മാത്രം ഇവിടെ 25 ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.

ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ

ഇന്നലെ റിപ്പോർട്ട് ചെയ്ത പനി കണക്ക്

പത്തനംതിട്ട ജനറൽ ആശുപത്രി : 46, ഡെങ്കി (2)

കോഴഞ്ചേരി ജില്ലാ ആശുപത്രി : 35, ഡെങ്കി : 1, എലിപ്പനി : 1

അടൂർ ജനറൽ ആശുപത്രി : 56, ഡെങ്കി : 2

കോന്നി താലൂക്ക് ആശുപത്രി : 47, ഡെങ്കിപ്പനി : 7

പന്തളം പി.എച്ച്.സി : 150

തിരുവല്ല താലൂക്ക് ആശുപത്രി : 52, ഡെങ്കി : 1

മല്ലപ്പള്ളി താലൂക്ക് ആശുപത്രി : 11, ഡെങ്കി : 1

റാന്നി താലൂക്ക് ആശുപത്രി : 42

സ്വയം ചികിത്സ ഒഴിവാക്കണം. ആശുപത്രിയിലെത്തി ചികിത്സ തേടണം. പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണം

ആരോഗ്യവകുപ്പ് അധികൃതർ