പ്രമാടം :മഴയും കാട്ടുപന്നിശല്യവും മൂലം പ്രമാടം പഞ്ചായത്തിലെ കിഴങ്ങുഗ്രാമം പദ്ധതി പ്രതിസന്ധിയിൽ. ഓണവിപണി

ലക്ഷ്യമിട്ടാണ് പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കിയത്. പക്ഷേ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ ഇഞ്ചി ,മഞ്ഞൾ, ചേമ്പ് എന്നിവ അഴുകി നശിച്ചു. കാറ്റിൽ ചേനയും വള്ളിയിൽ പടർത്തിയിരുന്ന കാച്ചിലും കിഴങ്ങും നിലംപൊത്തി. കാട്ടുപന്നികളും വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്.

ഒരുകാലത്ത് കിഴങ്ങുവർഗ വിളകളുടെ ഉല്പാദനത്തിലും വിതരണത്തിലും മുന്നിലായിരുന്ന ഗ്രാമമാണ് പ്രമാടം. ഇവിടെ കൃഷി ചെയ്യുന്ന കിഴങ്ങുവർഗങ്ങൾ ഓമല്ലൂർ വയൽവാണിഭത്തിലും ദൂര സ്ഥലങ്ങളിലും എത്തിച്ച് വിപണനം നടത്തിയിരുന്നു. എന്നാൽ കാലക്രമേണ പ്രമാടത്തിന്റെ കിഴങ്ങുവർഗ ഉല്പാദനം കുറയുകയും കർഷകർ ലാഭകരമായ മ​റ്റ് കൃഷികളിലേക്ക് മാറുകയും ചെയ്തു. . കാർഷിക വിളകളുടെ വില വർദ്ധനവും നാടൻ ഉല്പന്നങ്ങളുടെ കുറവുമാണ് കിഴങ്ങുഗ്രാമം പദ്ധതി നടപ്പാക്കാൻ പഞ്ചായത്തിനെ പ്രേരിപ്പിച്ചത്.

.പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും കാട്ടുപന്നിശല്യമുണ്ട്. രാത്രിയിൽ കൂട്ടമായി എത്തുന്ന ഇവ വൻതോതിലാണ് കാർഷിക വിളകൾ നശിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ കിഴങ്ങു കൃഷിയിൽ നിന്ന് വീണ്ടും കർഷകർ പിൻമാറുന്ന അവസ്ഥയാണ്. പന്നിയെ തുരത്താനുള്ള മാർഗങ്ങളൊന്നും വിജയിച്ചിട്ടില്ല. ഇവയെ വെടിവച്ചുകൊല്ലാനുള്ള പദ്ധതികൊണ്ടും പ്രയോജനമില്ല. കാടുവളർന്നുകിടക്കുന്ന ഭാഗങ്ങളും ആളൊഴിഞ്ഞ സ്ഥലങ്ങളുമെല്ലാം ഇവയുടെ വിഹാര കേന്ദ്രങ്ങളാണ്.

പദ്ധതി ഇങ്ങനെ

കൃഷി വകുപ്പിന്റെ സഹകരണത്തോടെ കഴിഞ്ഞ മാർച്ചിലാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കിയത്. ചേന, ചീമച്ചേമ്പ്, ഇഞ്ചി, വയനാടൻ മഞ്ഞൾ, കാച്ചിൽ, കിഴങ്ങ് എന്നിവയാണ് പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്ക് സൗജന്യമായി നൽകിയത്. ഗ്രാമസഭയിൽ കിഴങ്ങുകൃഷി വികസനത്തിന് അപേക്ഷ നൽകിയവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്കാണ് ആദ്യം വിത്തുകൾ നൽകിയതെങ്കിലും മികച്ച പ്രതികരണം ലഭിച്ചതോടെ കൂടുതൽ പേർക്ക് വിത്തുകൾ നൽകി.