മല്ലപ്പള്ളി: കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി സബ് ഡിപ്പോ നഷ്ടത്തിന്റെ കണക്കുകൾ നിരത്തി നിറുത്തലാക്കാനുള്ള ശ്രമം നടക്കുന്നതായി ആക്ഷേപം. ഇതിന്റെ മുന്നോടിയായി ഡിപ്പോയിലെ ബസുകൾ മറ്റിടങ്ങളിലേക്ക്കൊണ്ടുപോകുകയും സർവീസുകൾ വെട്ടിക്കുറയ്ക്കുന്നതായും ആരോപണം ശക്തമാകുന്നു. സബ്ഡിപ്പോയിൽ നിന്ന് നിലമ്പൂരിന് സർവീസ് നടത്തിയിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് ഇപ്പോൾ തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ സർവീസ് ഒഴിവാക്കി. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽമാത്രം ഓടിയാൽ മതിയെന്ന് ബന്ധപ്പെട്ടവർക്ക് അറിയിപ്പ് ലഭിച്ചതായാണ് സൂചന. പുലർച്ചെ ആറിന് മല്ലപ്പള്ളിയിൽ നിന്ന് സർവീസ് ആരംഭിച്ച് പത്തനംതിട്ടയിലേക്കും തിരിച്ച് 7.30ന് മല്ലപ്പള്ളിയിലെത്തി പാലക്കാട്ടേക്കും ഉച്ചക്ക് 2.40ന് അവിടെ നിന്ന് തുടങ്ങി രാത്രി ഒൻപതിന് മല്ലപ്പള്ളിയിൽ അവസാനിക്കുന്ന മല്ലപ്പള്ളിയിൽ നിന്ന് ഓപ്പറേറ്റ് ചെയ്തിരുന്ന പാലക്കാട് സ്വിഫ്റ്റ് ബസ് പത്തനംതിട്ടയിലേക്ക് മാറ്റി. കളക്ഷൻ കുറവാണ് ബസ് പത്തനംതിട്ടക്ക് കൊണ്ടുപോകാൻകാരണമെന്നാണ് അധികൃതരുടെ വാദം.
കോട്ടയം ചെയിൻ സർവീസും നിലച്ച സ്ഥിതി
ഡിപ്പോയ്ക്ക്ഏറെവരുമാനമുള്ള കോട്ടയം -കോഴഞ്ചേരി ചെയിൻ സർവീസും ഏതാണ്ട് നിലച്ചസ്ഥിതിയിലാണ്. ഈ റൂട്ടിലെ ഷെഡ്യൂളുകൾ പലതും നടത്തുന്നില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെയുള്ള സർവീസ് നിറുത്തിയിരിക്കുകയാണ്. ഒന്നരപതിറ്റാണ്ടിലേറെയായി തുടങ്ങിയ കോട്ടയം - കോഴഞ്ചേരി ചെയിൻ സർവീസ് നിറുത്താൻ സ്വകാര്യ ബസ് ബോബികൾ ഇടപെടലാണെന്ന ആക്ഷേപം ശക്തമാണ്. ഇതിനായി ഇവർ കെ.എസ്.ആർ.ടി.സി യുടെ സമയം കൈയടക്കുകയാണ്. അധികൃതരുടെ പിൻതുണകൂടി ലഭിക്കുന്നതിനാൽ ലാഭത്തിൽ ഓടിക്കൊണ്ടിരുന്ന സർവീസുകളിൽ പലതും കളക്ഷൻ കുറവ് നേരിടേണ്ടി വരുകയും നിറുത്തലാക്കുകയുമാണ്.
.................................................
ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥയാണ്. ഉത്തരവാദപ്പെട്ട എം.എൽ.എ.തിരിഞ്ഞു നോക്കുന്നില്ല. അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണം.
കുഞ്ഞുകോശി പോൾ.
(കേരള കോൺഗ്രസ്
ഉന്നതാധികാര സമിതിയംഗം)