പത്തനംതിട്ട : മൈലപ്രാ - താഴെവെട്ടിപ്രം - പത്തനംതിട്ട റോഡിന്റെ വശങ്ങളിൽ കാടും പടലും വളർന്നത് കാരണം അപകട സാദ്ധ്യതയേറി. പത്തനംതിട്ടയിൽ നിന്ന് താഴെവെട്ടിപ്രം, ഞുണ്ണുങ്ങൽപ്പടി, മൈലപ്രാ പള്ളിപ്പടി വഴി റാന്നി, വടശേരിക്കര ഭാഗത്തേക്കും ഞുണ്ണുങ്കൽപ്പടി വഴി മുണ്ടുകോട്ടക്കൽ, കടമ്മനിട്ട, വല്ല്യന്തി, നാരങ്ങാനം, കണമുക്ക് ഭാഗത്തേക്കും പോകുന്നതിനും തിരിച്ച് പത്തനംതിട്ടയ്ക്കുമുള്ള പ്രധാന റോഡാണിത്. വീതിക്കുറവും വളവുകളുമുള്ള റോഡിൽ എപ്പോഴും വാഹനത്തിരക്കാണ്.
ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയെ മൈലപ്രാ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്.
ശബരിമല ഇടത്താവളത്തിന്റെ പ്രവേശന കവാടം മുതൽ ഞണ്ണുങ്ങൽപ്പടി വരെ റോഡിന്റെ വശങ്ങളിലാണ് കാടും പടലും വളർന്ന് നിൽക്കുന്നത്. റോഡിന്റെ പല ഭാഗങ്ങളിലും മാലിന്യം വലിച്ചെറിഞ്ഞിട്ടുണ്ട്. തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യം കാൽനട യാത്രക്കാരുടെ ഉൾപ്പെടെ സുഗമ സഞ്ചാരത്തിന് തടസമാകുന്നു. റോഡിന്റെ ഒരു വശത്ത് പല ഭാഗത്തും കോൺക്രീറ്റ് കാന നിർമ്മിച്ചിട്ട് വർഷങ്ങളായെങ്കിലും മുകളിൽ സ്ലാബ് സ്ഥാപിച്ചിട്ടില്ല. കാനയിലേക്ക് പാഴ് വള്ളികൾ പടർന്നുകയറി. പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യങ്ങൾ നിറഞ്ഞിട്ടുണ്ട്. എതിർദിശയിൽ നിന്ന് വരുന്ന വലിയ വാഹനങ്ങൾക്ക് വേണ്ടി വശത്തേക്ക് മാറുന്ന ചെറിയ വാഹനങ്ങൾ കാനയിൽ വീണ് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. കാടും പടലും മാലിന്യങ്ങളും നീക്കം ചെയ്യാത്തത് കാരണം മഴക്കാലത്ത് കാനയിലെ വെള്ളമൊഴുക്ക് തടസപ്പെട്ടിട്ടുണ്ട്. റോഡ് വശത്തെ തെരുവ് വിളക്കുകൾ തകരാറിലായത് കാരണം സന്ധ്യ കഴിഞ്ഞ് യാത്രയ്ക്ക് ബുദ്ധിമുട്ടാണ്.
ആരുനീക്കും കാട് ?
റോഡിന് വശത്തെ കാടുകൾ നീക്കേണ്ടത് ആരെന്ന് തർക്കം. ദേശീയപാത 183എയുടെ ഭാഗമാണ് റോഡ്. ദേശീയ പാത അധികൃതരുടെ കൈവശമായതിനാൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പോ നഗരസഭയോ കാടു നീക്കാൻ മുൻകൈയെടുക്കുന്നില്ല. എന്നാൽ, ശബരിമല തീർത്ഥാടനം അടുക്കുമ്പോൾ നഗരസഭ റോഡിന്റെ വശങ്ങൾ വൃത്തിയാക്കാറുണ്ട്. റോഡിലേക്ക് അപകടകരമായ വിധം കാടുകൾ വളർന്നതിനാൽ അടിയന്തരമായി ശുചീകരണം നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
നീളം 2.5 കിലോമീറ്റർ
-------------
കാട് വളർന്നു നിൽക്കുന്നതു കാരണം റോഡിൽ അപകട ഭീഷണിയുണ്ട്. ഒരിക്കൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാളാണ് ഞാൻ. എന്തെങ്കിലും സംഭവിച്ചാലേ അധികൃതർ ഉണരൂ എന്ന നിലപാട് മാറ്റേണ്ടതുണ്ട്.
ഗോപിനാഥൻ മൈലപ്ര