തിരുവല്ല : നഗരസഭയിൽ വർഷങ്ങളായി തകർന്നു കിടന്നിരുന്ന പാലിയേക്കര - കാട്ടുകര റോഡിന്റെ പണികൾ തുടങ്ങി. ദീർഘനാളായി ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും തുകയുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി പണികൾ തടസപ്പെട്ട നിലയിലായിരുന്നു. നാശോന്മുഖമായിരുന്ന റോഡിന്റെ നിർമ്മാണ ജോലികൾ ഇന്നലെയാണ് ആരംഭിച്ചത്. ജനങ്ങളുടെ യാത്രാക്ലേശം സംബന്ധിച്ച് കേരളകൗമുദി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്ന് പ്രതിഷേധം ശക്തമായി. റോഡിന്റെ പണികൾ തുടങ്ങിയില്ലെങ്കിൽ ബഹുജനങ്ങളെ സംഘടിപ്പിച്ച് നിരാഹാര സമരം ഉൾപ്പെടെ ചെയ്യുമെന്ന് ബി.ജെ.പി കൗൺസിലർമാർ മുൻസിപ്പൽ കൗൺസിൽ യോഗത്തിൽ മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്നാണ് കരാറുകാരുമായി സംസാരിച്ച് പണികൾ തുടങ്ങാൻ നടപടിയായത്. തിരുവല്ല - അമ്പലപ്പുഴ റോഡിൽ പാലിയേക്കര ഭാഗത്ത് നിന്നാണ് പണികൾ തുടങ്ങിയിട്ടുള്ളത്. കൂടുതൽ തകർന്ന് കിടക്കുന്ന പാലിയേക്കര ഭാഗത്ത് റോഡ് കുത്തിയിളക്കി സഞ്ചരിക്കാൻ പാകപ്പെടുത്തും. മഴ മാറിയശേഷം ടാറിംഗ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാക്കും. പാലിയേക്കര മുതൽ സാൽവേഷൻ ആർമി ഭാഗം വരെയാണ് റോഡിന്റെ നിർമ്മാണം നടത്തുന്നത്. ഇതിനായി 60 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. നഗരസഭയുടെ 31,32,33,34,35 വാർഡുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്.
...............................
റോഡിലെ കുഴികൾ നിരപ്പാക്കി സഞ്ചാരയോഗ്യമാക്കാൻ അടിയന്തിര നിർദ്ദേശം നൽകിയിട്ടുണ്ട്.
ജിജി വട്ടശ്ശേരിൽ
(നഗരസഭാ വൈസ് ചെയർമാൻ)
.......................
നിർമ്മാണത്തിന് 60 ലക്ഷം അനുവദിച്ചു