bb

കോഴഞ്ചേരി : ഒരു വർഷം മുമ്പ് നാലുമണിക്കാറ്റ് മോഡലിൽ നടപ്പാക്കിയ നടപ്പാത പദ്ധതിയിപ്പോൾ ഒരു പ്രദേശത്തിനാകെ നാണക്കേടായിരിക്കുകയാണ്. വൈകുന്നേരങ്ങളിൽ വിശ്രമത്തിനായി ഒരുക്കിയ ഇരിപ്പിടങ്ങൾ സാമൂഹ്യവിരുദ്ധരും കൈയടക്കിയിരിക്കുന്നു. പമ്പാതീരത്ത് മാരാമൺ കൺവെൻഷൻ നഗറിലേക്കുള്ള നടപ്പാതയുടെ ദുരവസ്ഥയാണിത്. പാതയുടെ ഇരുവശവും കാട് വളർന്നു. സന്ധ്യമയങ്ങിയാൽ നടപ്പാതയിലും പരിസരത്തും വെളിച്ചവുമില്ല. ഇവിടെ സ്ഥാപിച്ച വഴിവിളക്കുകൾ

സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. അലങ്കാരത്തിനായി ഒരുക്കിയ ചെടികളും അപഹരിച്ചു. ഒഴിഞ്ഞ ചെടിച്ചട്ടികൾ അങ്ങിങ്ങായി കാണാനാകും. പമ്പയിൽ ജലനിരപ്പ് ഉയർന്നാൽ നടപ്പാതയിൽ വെള്ളം കയറും. പരിപാലനത്തിൽ കാട്ടുന്ന അലംഭാവമാണ് നാശത്തിന് കാരണം. മീൻ പിടിക്കാനും നിരവധിയാളുകൾ ഇവിടെ എത്താറുണ്ട്. അന്യസംസ്ഥാന തൊഴിലാളികൾ രാത്രിയിൽ തങ്ങുന്ന സ്ഥലം കൂടിയാണിത്.

50 ലക്ഷത്തിന്റെ പദ്ധതി
കഴിഞ്ഞ മാർച്ചിലാണ് നടപ്പാത ഉദ്ഘാടനം ചെയ്തത്. മന്ത്രി വീണാജോർജിന്റെ ആസ്തിവികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം നടത്തിയത്.

രാത്രിയിൽ ഇവിടെ സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ട്. ബിയ‌ർ , മദ്യ കുപ്പികളുമായി ആളുകളിവിടെ എത്താറുണ്ട്. സ്കൂൾ, കോളേജ് വിദ്യാർത്ഥികളുമുണ്ട് ഇക്കൂട്ടത്തിൽ. ഒരു സെക്യുരിറ്റി ജീവനക്കാരൻ ഇവിടെയുണ്ടെങ്കിലും രാത്രി പൊലീസ് പട്രോളിംഗ് ഇല്ല.

മത്തായി, പ്രദേശവാസി

പണി നടക്കുന്ന പാലത്തിൽ മരം
ഒഴുകിയെത്തിയ വൻമരം കോഴഞ്ചേരി പുതിയ പാലത്തിന് ഭീഷണിയാകുന്നു. പണികൾക്കായി പാലത്തിന്റെ മധ്യഭാഗത്ത് താത്കാലികമായി നിർമ്മിച്ച തടയണയിലും പാലത്തിന്റെ തൂണുകളിലുമായാണ് മരം തങ്ങിയിരിക്കുന്നത്. വെള്ളപ്പൊക്കത്തിൽ അടിഞ്ഞ് കൂടിയ മാലിന്യങ്ങളും ഇവിടെയുണ്ട്. പാലം പണി ഭാഗികമായി നിറുത്തിവച്ചിരിക്കുകയാണ്.