congre

കൊടുമൺ : ഏഴംകുളം - കൈപ്പട്ടൂർ റോഡിൽ കൊടുമണ്ണിലെ റോഡ് പുറമ്പോക്ക് അളവ് പൂർത്തിയായി. സർവേയിൽ കോൺഗ്രസ് ഒാഫീസിന് മുന്നിൽ കൈയേറ്റം കണ്ടെത്താനായില്ലെന്ന് അവകാശപ്പെട്ട് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി, ലഡു വിതരണം ചെയ്തു. ഇതിനിടെ, സ്ഥലം അളക്കുന്നത് നോക്കാനെത്തിയ മന്ത്രി വീണാജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന് കോൺഗ്രസുകാർ ലഡു നൽകാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. സ്ഥലത്തുണ്ടായിരുന്ന ഡി.വൈ.എഫ്.എെ പ്രവർത്തകർ ലഡു തട്ടിമാറ്റി. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. ജോർജ് ജോസഫിന്റെ സ്ഥലത്ത് കൈയേറ്റമില്ലെന്ന് ഡി.വൈ.എഫ്.എെ അവകാശപ്പെട്ടു. ഇന്നലെ ഉദ്യോഗസ്ഥർ അളവ് കഴിഞ്ഞപ്പോൾ കോൺഗ്രസ് ഒാഫീസ് പുറമ്പോക്കിലാണെന്നും വീണ്ടും അളക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രകടനം നടത്തി. റോഡ് അളന്നതിന്റെ റിപ്പോർട്ട് ജില്ലാകളക്ടർക്ക് കൈമാറുമെന്ന് സർവെ ഉദ്യോഗസ്ഥർ അറിയിച്ചു.