പത്തനംതിട്ട : താന്ത്രിക സ്ഥാനത്തിന് റിട്ടയർമെന്റില്ലെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. താന്ത്രികസ്ഥാനം ഒരു ജോലിയല്ല, അത് കർമ്മമാണ്. ഇത്തരം കർമ്മങ്ങൾ ചെയ്യുന്നവർക്ക് റിട്ടയർമെന്റില്ല. 2023ലെ കർക്കടക മാസപൂജകൾക്കായി തനിക്കൊപ്പം മകൻ ബ്രഹ്മദത്തനും ശബരിമലയിൽ എത്തിയിരുന്നു. അന്ന് സഹായിയായി പൂജകൾ നടത്തിയിരുന്നു. അടുത്ത ചിങ്ങമാസത്തിലും ബ്രഹ്മദത്തൻ സന്നിധാനത്ത് ഉണ്ടാകും. താൻ താന്ത്രികസ്ഥാനം ഒഴിഞ്ഞു എന്ന തരത്തിൽ ചില മാദ്ധ്യമങ്ങളിൽ വന്ന വാർത്ത ശരിയല്ലെന്നും കണ്ഠരര് രാജീവര് കേരളകൗമുദിയോട് പറഞ്ഞു.
ശബരിമലയിലെ താന്ത്രിക ചുമതല നിർവഹിക്കുന്നത് തന്ത്രി കണ്ഠരര് രാജീവരും കണ്ഠരര് മഹേഷ് മോഹനരുമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. താഴമൺ കുടുംബത്തിലെ ഇരുവരും ഒാരോവർഷം ഇടവിട്ടാണ് താന്ത്രിക ചുമതല നിർവഹിക്കുന്നത്. സഹായികളായി ആരെല്ലാം വേണമെന്ന് നിശ്ചയിക്കുന്നതും തന്ത്രിമാരാണ്. അതിൽ ദേവസ്വം ബോർഡ് അഭിപ്രായം പറയാറില്ലെന്നും പ്രസിഡന്റ് പറഞ്ഞു.