cpm

തിരുവല്ല : പീഡനക്കേസിൽ പ്രതിയായ സി.പി.എം മുൻ ടൗൺ നോർത്ത് എൽ.സി സെക്രട്ടറി സി.സി.സജിമോനെ പാർട്ടിയിൽ തിരിച്ചെടുത്തതിനെ തുടർന്നുണ്ടായ വിവാദങ്ങൾ അന്വേഷിക്കാൻ മൂന്നംഗ സമിതിയെ പാർട്ടി നിയോഗിച്ചു. തിരുവല്ല ഏരിയ കമ്മിറ്റി അംഗങ്ങളായ സി.എൻ.രാജേഷ്, ബിനിൽ കുമാർ, വിശാഖ് എന്നിവരാണ് അംഗങ്ങൾ. ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണം. സംസ്ഥാന സമിതിയംഗം രാജു എബ്രഹാമിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ഏരിയാകമ്മിറ്റിയോഗമാണ് സമിതിയെ നിയമിച്ചത്. സജിമോനെ തിരിച്ചെടുത്തതിനെ തുടർന്ന് നഗരത്തിൽ പതിച്ച പോസ്റ്ററുകൾക്ക് പിന്നിൽ ആരാണെന്നും പാർട്ടി ഘടകങ്ങളിൽ നിന്ന് വാർത്ത ചോർന്നതെങ്ങനെയെന്നും അന്വേഷിക്കും. സജിമോനെ പാർട്ടിൽ തിരിച്ചെടുത്തതിനൊപ്പം നോർത്ത് എൽ.സി കമ്മിറ്റിയിൽ അംഗമാക്കുകയും ചെയ്തിരുന്നു. എൽ.സി അംഗത്വം നൽകിയ നടപടിയാണ് വിവാദം ഉയർത്തിയത്. എന്നാൽ എൽ.സി അംഗത്വം നൽകിയത് അന്വേഷണ സമിതിയുടെ പരിഗണനാ വിഷയങ്ങളിൽപെടില്ല. ഈ വിഷയം ജില്ലാ സെക്രട്ടേറിയറ്റ് പ്രത്യേകമായി ചർച്ച ചെയ്യുമെന്ന് രാജു എബ്രഹാം ഏരിയാകമ്മിറ്റി യോഗത്തിൽ അറിയിച്ചിട്ടുണ്ട്.