ചെങ്ങന്നൂർ: ടാർപാളിൻ വലിച്ചുകെട്ടിയ വീട്ടിനുള്ളിൽ ഭീതിയോടെ 72കുടുംബങ്ങൾ.മുളക്കുഴ 15-ാം വാർഡ് വലിയപറമ്പ് കോളനിയിൽ താമസിക്കുന്നവരാണ് മഴയും വെയിലുമേറ്റ് ദുരിതം അനുഭവിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളുള്ള വാസയോഗ്യമായ വീടുകൾ എന്ന് സാദ്ധ്യമാകുമെന്നാണ് കോളനിയെന്ന പേര് മാറ്റി നഗറാക്കിയ സർക്കാരിനോട് ചോദിക്കുന്നത്. മൂന്നും സെന്റ് സ്ഥലം വീതമാണ് ഓരോ കുടുംബത്തിനുമുള്ളത്. ഇതിൽ ഏതു നിമിഷവും നിലംപൊത്താവുന്ന തരത്തിലാണ് കൂരകൾ. മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും വീർപ്പുമുട്ടിക്കുന്നു. 72 കുടുംബങ്ങളിൽ 58 എണ്ണവും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണ്. ബാക്കി വീടുകളുടെ അവസ്ഥയും സമാനം തന്നെ. മഴക്കാലമായതോടെ വാസയോഗ്യമല്ലാത്ത വീടുകളിൽ നിന്ന് ആളുകൾ ബന്ധുക്കളുടെ വീടുകളിലേക്കു മാറുകയാണ്. നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടുന്നവരാണ് താമസക്കാർ. മഴ പെയ്താൽ ചോർന്നൊലിക്കുന്ന വീട്ടിനുള്ളിൽ കുട്ടികളുമായി മഴ വെള്ളം വീഴാത്ത ഭാഗം നോക്കി മാറിയിരുന്ന് നേരം വെളുപ്പിക്കേണ്ട സ്ഥിതിയാണ്ഇവർക്ക് . അംബേദ്കർ ഭവനപദ്ധതിയിലുൾപ്പെടുത്തി അടുത്തിടെ സർക്കാർ ഒരു കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ വീടുകളുടെ അടങ്കൽ എടുത്തു പോയതല്ലാതെ തുടർനടപടികൾ ഉണ്ടായില്ല.
...........................................................
പദ്ധതി പ്രകാരം അറ്റകുറ്റപ്പണികൾക്കുമായി 50,000 രൂപ മുതൽ ഒന്നര ലക്ഷം രൂപയാണ് ഉദ്യോഗസ്ഥർ കണക്കാക്കിയിരിക്കുന്നത്. പക്ഷേ ഇടിഞ്ഞു വീഴാറായ വീടുകൾക്ക് ഈ തുക മതിയാകില്ലെന്ന് ഇവർ പറയുന്നു. ഇങ്ങനെ കണക്കുകൾ എല്ലാ വർഷവും എടുക്കും സഹായങ്ങൾ ഒന്നും കിട്ടുന്നില്ല
രാമചന്ദ്രൻ
(സ്ഥലവാസി)
.......................................................
കോളനിയിൽ 72 വീട്ടുകാർ താമസം