k-sthrree

പത്തനംതിട്ട : കുടുംബങ്ങളെ ഹാപ്പിയാക്കാൻ കുടുംബശ്രീ മുഖേന ഹാപ്പിനസ് സെന്ററുകൾ വരുന്നു. ഓരോ കുടുംബത്തിന്റെയും സാഹചര്യങ്ങൾ വിലയിരുത്തി പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമം. പദ്ധതി നടത്തിപ്പിന് സംസ്ഥാന, ജില്ലാതലത്തിൽ റിസോഴ്‌സ് ഗ്രൂപ്പുകളും രൂപീകരിക്കും. വിവിധ വകുപ്പുകളുടെ പ്രതിനിധികൾ, തദ്ദേശ സ്ഥാപനത്തിലെയും കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെയും പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി പ്രാദേശികതലത്തിലും വിവിധ കമ്മിറ്റികൾ രൂപീകരിക്കും. ഇവർക്കെല്ലാമുള്ള പരിശീലനം 30നകം പൂർത്തിയാകും. ഓഗസ്റ്റ് ഒന്നു മുതൽ എ.ഡി.എസ് അംഗങ്ങൾക്കുള്ള വാർഡുതല പരിശീലനവും ആരംഭിക്കും.

കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവനദൗത്യം പദ്ധതിയുടെ ഭാഗമായുള്ള ഫുഡ്, ന്യൂട്രീഷൻ, ഹെൽത്ത് ആൻഡ് വാഷ് പ്രവർത്തനങ്ങളോടനുബന്ധിച്ച് നടപ്പാക്കുന്ന പദ്ധതിയാണിത്.

പദ്ധതി ഇങ്ങനെ

ഓരോ പഞ്ചായത്തിലും ഹാപ്പിനെസ് സമിതികൾ രൂപീകരിക്കും

സന്തോഷ സൂചിക ഉയർത്തുന്നതിനുള്ള പ്രവർത്തനരീതിയും മാർഗരേഖയും തയ്യാറാക്കും. വിവരങ്ങൾ സർവേ മുഖേന കണ്ടെത്തും. വിവിധ മേഖലകളിലെ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ സൂക്ഷ്മതല പദ്ധതി വിലയിരുത്തും.

ജില്ലയിലെ ഹാപ്പിനസ് കേന്ദ്രങ്ങൾ

(എട്ട് പഞ്ചായത്തുകളിൽ)

1. കുറ്റൂർ

2. കൊറ്റനാട്

3. തോട്ടപ്പുഴശ്ശേരി

4. നാരങ്ങാനം

5. സീതത്തോട്

6. വള്ളിക്കോട്

7. ഏഴംകുളം

8. പന്തളം തെക്കേക്കര

ഹാപ്പിനെസ് ഇൻഡക്‌സിൽ മികച്ച നേട്ടം കൈവരിക്കുന്നതിനോടൊപ്പം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ക്രിയാത്മകവും സജീവവുമായ മാറ്റങ്ങൾ ഈ പദ്ധതിയിലൂടെ സൃഷ്ടിക്കാൻ സാധിക്കും.

പി.ആർ.അനൂപ

ജില്ലാ മിഷൻ കോഓർഡിനേറ്റർ കുടുംബശ്രീ