vazha

പത്തനംതിട്ട : ജൂണിലെ മഴയിൽ ജില്ലയ്ക്ക് 1.75 കോടി രൂപയുടെ കാർഷിക നഷ്ടം. ഓണവിപണി ലക്ഷ്യമിട്ട ഏത്തവാഴക്കൃഷിയാണ് നശിച്ചവയിൽ ഏറെയും. 130.35 ഹെക്ടറിൽ കൃഷിനാശമുണ്ടായിട്ടുണ്ട്. പച്ചക്കറി കൃഷിയും നാല് ഹെക്ടറോളം സ്ഥലത്ത് എള്ള് കൃഷിയും നഷ്ടമായി. മരച്ചീനിയും തെങ്ങും നശിച്ചു. ഏനാത്ത്, ഏഴംകുളം ഭാഗങ്ങളിൽ വെറ്റില കൃഷിക്കും നാശമുണ്ടായി. ഒടിഞ്ഞുവീഴുന്ന കുലച്ച വാഴയ്ക്ക് 300 രൂപയാണ് വിള ഇൻഷുറൻസിൽ നഷ്ടപരിഹാരം ലഭിക്കുക. ഇൻഷുറൻസ് പദ്ധതിയിൽ ചേരാത്ത കർഷകർക്ക് ഇത് ലഭിക്കില്ല. അപേക്ഷിച്ച് ഒന്നരവർഷം കഴിഞ്ഞാണ് പലപ്പോഴും നഷ്ടപരിഹാരം ലഭിക്കുക. നഷ്ടപരിഹാരത്തിനുള്ള അപേക്ഷകളിൽ 67.45 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് കൃഷി വകുപ്പ് അധികൃതർ അറിയിച്ചു. വേനൽമഴയിലും ഏത്തവാഴ കൃഷി നശിച്ചിരുന്നു.

ഏത്തവാഴ കൃഷിയിൽ വലിയ നഷ്ടം

നശിച്ച കുലച്ച വാഴകൾ : 10,620 , (നഷ്ടം : 1.26 കോടി )

കുലയ്ക്കാത്ത വാഴകൾ : 21,000, (നഷ്ടം : 42.48 ലക്ഷം രൂപ)

ഇത്തവണ വേനലിലുണ്ടായ കാർഷിക നഷ്ടം: 85 ലക്ഷം

കോന്നി, ഏനാത്ത്, നെടുമ്പ്രം, ഇരവിപേരൂർ, പ്രമാടം, പന്തളം തെക്കേക്കര, ചെന്നീർക്കര ഭാഗങ്ങളിലാണ് കൂടുതൽ കൃഷി നശിച്ചത്.

ഇൻഷുറൻസ് ഇല്ലാത്തവർക്ക് നഷ്ട പരിഹാരം ലഭിക്കാൻ ബുദ്ധിമുട്ടുണ്ട്. നഷ്ടപരിഹാരത്തിനുള്ള അപേക്ഷകളിൽ തുക അനുവദിച്ചിട്ടുണ്ട്.

കൃഷി വകുപ്പ് അധികൃതർ