പന്തളം: വയറപ്പുഴ പാലത്തിന്റെ പൈലിംഗ് ജോലികൾ ആരംഭിച്ചു. ഇന്നലെ രാവിലെ 9.30ന് പന്തളം മഹാദവർ ക്ഷേത്രം കീഴ്ശാന്ത്രി അനിൽകുമാറിന്റെ മുഖ്യകാർമ്മികത്വത്തിൽ പൂജകൾ നടത്തി. അസി.എക്സി. എൻജിനിയർ ഷീജ തോമസ്, എ. ഇ.ചന്തു, നിർമ്മാണ കമ്പനിയുടെ പ്രതിനിധി ആന്റണി, നഗരസഭ കൗൺസിലർരായ ബെന്നി മാത്യു,സുനിത വേണു, എന്നിവരും എത്തിയിരുന്നു. കഴിഞ്ഞ മാർച്ച് 6 ന് പാലത്തിന്റെ മറുകരയായ കുളനട പഞ്ചായത്തിലെ ഞെട്ടൂരിൽ വച്ച് മന്ത്രി മുഹമ്മദ് റിയാസാണ് നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത്. നഗരസഭയിലെ മുളമ്പുഴ വയറപ്പുഴ ഭാഗത്ത് ആരംഭിച്ച് അച്ചൻകോവിലാറിന്റെ മറുകരയിലെ കുളനട പഞ്ചായത്തിലെ ഞെട്ടൂരുമായി ബന്ധിപ്പിക്കുന്നതാണ് പാലം. .
ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും നിർമ്മാണ സാമഗ്രികൾക്ക് വില വർദ്ധനവുണ്ടായതിനാൽ കരാറുകാരൻ പിൻവാങ്ങുകയായിരുന്നു. മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെ പിന്നീട് തുക വർദ്ധിപ്പിച്ചു..
ആദ്യം 8.5 കോടിയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരുന്നത്. കെ.സി.രാജഗോപാലൻ എം.എൽ.എ ആയിരിക്കുമ്പോഴാണ് പാലത്തിനുവേണ്ടി ആദ്യശ്രമം തുടങ്ങുന്നത്. അന്ന് മണ്ണ് പരിശോധനയും സ്ഥലം ഏറ്റെടുപ്പും നടന്നു. പിന്നീട് വീണാജോർജ് എം.എൽ.എ പദ്ധതി പുനരുജ്ജീവിപ്പിച്ചു.
എളുപ്പവഴി, കുരുക്ക് ഒഴിവാകും
പാലം വരുന്നതോടെ പന്തളം ജംഗ്ഷനിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ പോകാൻ ഒരു പാത തുറന്നുകിട്ടുമെന്നതാണ് പ്രധാന നേട്ടം. മാവേലിക്കര ഭാഗത്തുനിന്ന് ചെങ്ങന്നൂർ, കോട്ടയം ഭാഗത്തേക്ക് പോകാനുള്ളവർക്ക് പന്തളം ജംഗ് ഷൻ ചുറ്റാതെ മാന്തുകയിലെത്തി എം.സി റോഡിലേക്ക് പ്രവേശിക്കാനും കഴിയും കടത്തുവളളവും താത്കാലിക പാലവുമാണ് വയറപ്പുഴ കടവ് കടക്കാൻ ഇപ്പോൾ ആശ്രയം . പന്തളം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവകാലത്ത് മഹാദേവ ഹിന്ദുസേവാ സമിതിയും കരക്കാരും ചേർന്ന്ഇവിടെ താത്കാലിക പാലം പണിയാറുണ്ട്. അച്ചൻകോവിലാറിന് കുറുകെ പന്തളം നഗരസഭയെയും കുളനട പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന രണ്ടാമത്തെ പാലമാണിത്. പന്തളം നഗരസഭയിലെ മുളമ്പുഴയേയും കുളനട പഞ്ചായത്തിലെ ഞെട്ടൂർ കരയേയും പാലം ബന്ധിപ്പിക്കും .
പദ്ധതി തുക 9.35 കോടി
നീളം : 104 മീറ്റർ,
വീതി : 11 മീറ്റർ,