kotta-kudakkamaram-road

പത്തനംതിട്ട : ചാടിക്കടക്കണോ അതോ നീന്തിക്കയറണോ... കോട്ട - പന്നിമൂല - കുടയ്ക്കാമരം റോഡിലൂടെ യാത്ര ചെയ്യുന്നവരുടെ ആശങ്കയാണിത്. മഴക്കാലമായതോടെ റോഡാണോ, തോടാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തവിധമായിരിക്കുന്നു. റോഡിന് സമീപത്തുകൂടിയാണ് മലദേവർ കുന്നിൽ നിന്ന് ആരംഭിച്ച് പമ്പയാറ്റിൽ അവസാനിക്കുന്ന പെരുംതോട് ഒഴുകുന്നത്. റോഡിലെ വെളളം നിറഞ്ഞ കുഴിയിൽ വീഴാതെ വാഹനങ്ങൾ വെട്ടിച്ചുമാറ്റിയാൽ തോട്ടിൽ വീണ് അപകടം സംഭവിക്കാം. മുളക്കുഴ, ആറന്മുള ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന റോഡിന്റെ ആറന്മുള ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ 250 മീറ്ററാണ് പൂർണമായി തകർന്നത്. കോട്ട പ്രഭുറാം മിൽസ് , കോട്ട മാർക്കറ്റ് അങ്കണവാടി, വല്ലന പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്കുള്ള പാതയാണിത്.

ആറന്മുളയ്ക്ക് ആവശ്യമില്ല

1.8 കിലോമീറ്റർ നീളമുള്ള കോട്ട - പന്നിമൂലപ്പടി - കുടയ്ക്കാമരം റോഡ് ആറന്മുള ഗ്രാമപഞ്ചായത്തിലെ 14 -ാം വാർഡിലെ കോട്ട മാർക്കറ്റിന്റെ ഭാഗത്തുനിന്നാണ് ആരംഭിക്കുന്നത്. തുടക്കത്തിൽ 150 മീറ്റർ ഭാഗം കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ബാക്കി ടാർ ചെയ്തിരുന്ന ഭാഗമാണ് തകർന്നത്. ആറന്മുള ഗ്രാമപഞ്ചായത്തിലെ മൂന്ന് വീട്ടുകാർ മാത്രമാണ് ഈ റോഡിന് സമീപം താമസിക്കുന്നത്. ബാക്കിയുള്ള നൂറിൽപരം കുടുംബങ്ങൾ മുളക്കുഴ പഞ്ചായത്തിലുള്ളവരാണ്. റോഡ് പുനർനിർമ്മിക്കുന്നതിന് ആറന്മുള ഗ്രാമപഞ്ചായത്ത് മുൻകൈ എടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.

പുനർ നിർമ്മിക്കണം

വൈദ്യുതി ബോർഡ് കേബിളുകൾ സ്ഥാപിക്കാൻ റോഡിന്റെ ഒരുവശത്ത് എടുത്ത കുഴികൾ ശരിയായി മൂടുകയോ കോൺക്രീറ്റോ ടാറിംഗോ നടത്തി ഉറപ്പിക്കുകയോ ചെയ്തിരുന്നതാണ് തകർച്ചയ്ക്ക് കാരണം. റോഡ് പുനർ നിർമ്മിക്കുവാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇടപെടണം.

എസ്.വി.ശ്രീകുമാർ,

മുൻ ഗ്രാമപഞ്ചായത്ത് അംഗം