പത്തനംതിട്ട: അടൂർ, പന്തളം ഡിപ്പോകളിൽ ദീർഘനാളുകളായി നിറുത്തിവച്ചിരുന്ന ഗ്രാമീണ ഓർഡിനറി സർവീസുകളുടെ ഫീസിബിലിറ്റി ബോദ്ധ്യപ്പെട്ട് സാദ്ധ്യമാക്കാവുന്ന സർവീസുകൾ പുനരാരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.
അടൂർ കെഎസ്ആർടിസി ഡിപ്പോ, പന്തളം ഓപ്പറേറ്റിങ് സെന്റർ എന്നിവയുടെ അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി സ്പീക്കറുടെ സാന്നിദ്ധ്യത്തിൽ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിറുത്തിവച്ച പന്തളം, പെരുമൺ സർവീസിനെ അടൂർ ഡിപ്പോയുമായി ബന്ധപ്പെടുത്തി ക്രമീകരിച്ച് പുനരാരംഭിക്കുന്നതിനും തീരുമാനമായി.
പന്തളം ഡിപ്പോയിൽ എം.എൽ.എ ഫണ്ട് വിനിയോഗിച്ച് ജീവനക്കാർക്ക് വിശ്രമത്തിനായുള്ള കെട്ടിടം നിർമ്മിക്കുന്ന സ്ഥലം തിട്ടപ്പെടുത്തുന്നതിൽ വർഷങ്ങളായി നിലനിന്നുവന്ന സാങ്കേതിക തടസം യോഗത്തിൽ ചർച്ചയിലൂടെ പരിഹരിച്ചു. അടൂർ ഡിപ്പോയിൽ യാർഡ് നിർമ്മാണം, ബസ് ഷെൽട്ടർ കനോപ്പി നിർമ്മാണം എന്നിവ എം.എൽ.എ ഫണ്ട് വിനിയോഗത്തിലൂടെ സാദ്ധ്യമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനെ ചുമതലപ്പെടുത്തുന്നതിനും തീരുമാനമായി.
പുതിയ സൂപ്പർഫാസ്റ്റ് ബസുകളുടെ ലഭ്യത അനുസരിച്ച് നിലവിൽ നിറുത്തിവച്ചിട്ടുള്ള മണിപ്പാൽ റീ ഷെഡ്യൂൾ പുനരാരംഭിക്കും. അടൂർ ഡിപ്പോ, പന്തളം ഓപ്പറേറ്റിങ് സെന്റർ എന്നിവിടങ്ങളിലെ ഡ്രൈവർമാരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കുന്ന കാര്യം സംസ്ഥാനാടിസ്ഥാനത്തിൽ പരിഗണിച്ച് വരികയാണെന്നും ഉടൻ നടപടി സ്വീകരിക്കാമെന്നും ഗതാഗത വകുപ്പ് മന്ത്രി ഉറപ്പു നൽകി.
കെ.എസ്.ആർ.ടി.സി ഓപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി. പ്രദീപ്കുമാർ , സോണൽ ഓഫീസർ റോയ് ജേക്കബ്, ഡി.ടി.ഒ കെ.കെ. സുരേഷ് കുമാർ, ഏ.റ്റി.ഒ വി. രാജേഷ്, പി. ശ്രീജിത്ത് എന്നിവർ യോഗത്തിൽ പങ്കെടുത്തു.