സർക്കാർ ജോലി എന്നത് അഭ്യസ്തവിദ്യരായ മിക്ക യുവാക്കളുടെയും സ്വപ്നമാണ്. പബ്ളിക് സർവീസ് കമ്മിഷന്റെ പരീക്ഷകളിൽ ഉയർന്ന മാർക്ക് ലഭിക്കാൻ കോച്ചിംഗ് സെന്ററുകളിൽ പോയും അല്ലാതെയും രാപ്പകൽ കഠിനാദ്ധ്വാനം ചെയ്ത് സർക്കാർ ജോലി നേടിയെടുക്കുകയെന്നത് അഭിമാനകരമാണ്. പൊതുജന സേവനം വലിയ അന്തസോടെ ചെയ്യുന്നവർ ധാരളം. ഡ്യൂട്ടി സമയം കഴിഞ്ഞും ജനങ്ങളാേടുള്ള പ്രതിബദ്ധതയിൽ ഓഫീസുകളിൽ ഇരുന്ന് ഫയലുകൾ തീർപ്പാക്കുന്നവർ ഒട്ടേറെയുണ്ട്. സർക്കാർ ജോലി ലഭിച്ചവരോട്, ജോലി കിട്ടാത്തവർ അസൂയപ്പെടാറുണ്ട്. ജോലി ലഭിച്ച ശേഷം ഉത്തരവാദിത്വം നിർവഹിക്കാതെ സംഘടനാ പ്രവർത്തനം നടത്തുകയും നേരിട്ടും അല്ലാതെയും രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുകയും ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. ദീർഘാവധിയെടുത്ത് വിദേശത്തു പോവുകയും മറ്റു ജോലികളിൽ ഏർപ്പെടുകയും ചെയ്യുന്ന ചെറിയ വിഭാഗവുമുണ്ട്. പൊതു പ്രവർത്തി ദിവസം കൂട്ട അവധിയെടുത്ത് വിനോദ സഞ്ചാരത്തിന് പോയ കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ പൊതുജനങ്ങളെ എങ്ങനെ ദ്രോഹിക്കാമെന്ന് മികച്ച 'മാതൃക' കാട്ടിത്തന്നത് കേരളം മറന്നിട്ടില്ല. സർക്കാർ ഉദ്യാേഗസ്ഥർ കൈക്കൂലി വാങ്ങുന്നത് വ്യാപകമല്ലെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങളായി പറഞ്ഞുതളളാനാവില്ല. ചെറിയ വീഴ്ചകൾക്കു പോലും ഉദ്യോഗസ്ഥരെ കുറ്റം പറയാൻ മലയാളികൾക്ക് നൂറ് നാവാണ്. ഇതൊക്കയാണെങ്കിലും പുതുതലമുറയിലെ സർക്കാർ ജീവനക്കാരെക്കുറിച്ച് പരാതികൾ പൊതുവെ കുറവും ജോലിയിൽ മികവ് പുലർത്തുന്നവരുമാണെന്നാണ് പറയപ്പെടുന്നത്.
അനുകൂലിച്ചും പ്രതികൂലിച്ചും
കഴിഞ്ഞ ദിവസം തിരുവല്ല നഗരസഭയിൽ ചിത്രീകരിച്ച റീൽസാണ് സർക്കാർ ജീവനക്കാരെ സംബന്ധിച്ച് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ജോലിക്കിടയിൽ ലഭിച്ച ഇടവേളയിൽ റീൽസ് ചിത്രീകരിക്കുകയായിരുന്നു. കാലവർഷക്കെടുതിയിലെ അടിയന്തര ഇടപടലിന് ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം ഞായറാഴ്ച ജോലിക്കെത്തിയ ജീവനക്കാരാണ് റീൽസ് എടുത്തത്. സിനിമാ ഗാനത്തിനൊപ്പിച്ച് പാടി അഭിനയിക്കുന്ന ഒരു മിനിട്ടിൽ താഴെയുള്ള വീഡിയോ മനോഹരമായാണ് ചിത്രീകരിച്ചത്. പാട്ടിനൊത്ത് ഫയലുമായി ഓരോ സെക്ഷനിലേക്കും നൃത്തച്ചുവടുമായി എത്തുന്ന പെൺകുട്ടി. സ്വന്തം കസേരയിലിരുന്ന് ഒപ്പം പാടി അഭിനയിക്കുന്ന സഹപ്രവർത്തകർ ഫയലുകൾ കൈകാര്യം ചെയ്യുന്നുമുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ റീൽസിനെ അനുകൂലിച്ചും എതിർത്തും ഒട്ടേറെ പേർ രംഗത്തു വന്നു.
സർക്കാർ ഓഫീസിലിരുന്ന് പാട്ടുപാടി അഭിനയിച്ചത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും പൊതുജനങ്ങളെ സേവിക്കാൻ നിയമിക്കപ്പെട്ട ജീവനക്കാർ ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി വാങ്ങുന്നവരാണെന്നും റീൽസ് ഇട്ടത് ശരിയായില്ലെന്നും വിമർശനം വന്നു. പല വാട്സാപ്പ് ഗ്രൂപ്പുകളിലും സംഭവം ചൂടേറിയ ചർച്ചയായി. ഞായറാഴ്ച ആയതിനാൽ പൊതുജനങ്ങൾ ഈ ദിവസം എന്തെങ്കിലും ആവശ്യങ്ങൾക്കായി തിരുവല്ല നഗരസഭയിലേക്ക് എത്തിയിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു. അതു വിശ്വാസിക്കാവുന്ന കാര്യമാണ്. സർക്കാർ ഉദ്യോഗസ്ഥർ ഓഫീസിലെത്തിയാൽ സ്വന്തം കസേരയിലിരുന്ന് ഫയലുകളിലേക്കും ആവശ്യങ്ങൾ സാധിക്കാൻ വരുന്നവരുടെ മുഖത്തേക്കും മാത്രം നോക്കിക്കെണ്ടിരിക്കണമെന്ന് നിയമമൊന്നുമില്ല.
പുതിയ കാലത്തിന്റെ മാറ്റം
ആനന്ദകരമായി ജോലി ചെയ്യാൻ പൊതുജനങ്ങളെ ദോഷകരമായി ബാധിക്കാതെ കലാപ്രകടനങ്ങൾ സർക്കാർ ഓഫീസുകളിലും അരങ്ങേറുന്നത് നല്ലതാണ്. ചില സ്വകാര്യസ്ഥാപനങ്ങളിൽ ജോലി സമയത്ത് പട്ടു കേൾപ്പിക്കും. ഡാൻസ് ചെയ്യാനും യോഗ ചെയ്യാനും അവസരങ്ങൾ നൽകുന്നു. ചിലർ ചിരി ക്ളബുകൾ സംഘടിപ്പിക്കുന്നു. പൊട്ടിച്ചിരിക്കുമ്പോൾ മനസിന് ആനന്ദവും ഉന്മേഷവും ലഭിക്കും. കെ.എസ്.ആർ.ടി.സി ബസുകളിൽ സിനിമാ പാട്ടുകൾ കേൾപ്പിക്കുന്നുണ്ട്. നേരത്തേ സ്വകാര്യ ബസുകളിൽ കേട്ടിരുന്ന പാട്ട് കെ.എസ്.ആർ.ടി.സിയിലും കേൾപ്പിച്ചപ്പോൾ യാത്രക്കാർ സന്തോഷിക്കുന്നു. കാലത്തിന് അനുസരിച്ച് മാറ്റങ്ങൾ സർക്കാർ ജോലി ചെയ്യുന്നവർക്കും ആവശ്യമാണ്. സാധാരണക്കാർ എത്തുന്ന വില്ലേജ് ഓഫീസുകൾ, പഞ്ചായത്ത് ഓഫീസുകൾ, താലൂക്ക് ഓഫീസുകൾ, നഗരസഭകൾ എന്നിവിടങ്ങളിൽ എപ്പോഴും കണ്ടുവരുന്നത് മാനസിക പിരിമുറുക്കം നിറഞ്ഞ മുഖങ്ങളെയാണ്. ജീവനക്കാരും പൊതുജനങ്ങളും പലപ്പോഴും വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാകാറുണ്ട്. ഇതിനൊക്കെ ഒരു മാറ്റം വരാൻ തിരുവല്ല മാതൃക അനുകരിക്കാവുന്നതാണ്.
പൊലീസുകാരും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും സമൂഹ മാദ്ധ്യമങ്ങളിൽ റീൽസ് ഷെയർ ചെയ്യുകയും ഹിറ്റാവുകയും ചെയ്തിട്ടുണ്ട്. അതിനെയൊന്നും ആരും വിമർശിച്ചുകണ്ടില്ല. പല റീൽസുകളും പൊതുജനങ്ങളുടെ കയ്യടി നേടിയയതാണ്. തിരുവല്ല നഗരസഭയിൽ റീൽസ് ചെയ്തവർ കുറഞ്ഞ വർഷക്കാലം പ്രവർത്തന പരിചയമുള്ളവരാണ്. റീൽസ് വൈറലായതിനെ തുടർന്ന് അഭിനയിച്ച എട്ടു ജീവനക്കാർക്ക് നഗരസഭാ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകി. വിശ്രമ വേളയിലാണ് റീൽസ് എടുത്തതെന്ന് ജീവനക്കാർ വിശദീകരണം നൽകി. നടപടി ഭയന്ന് ജീവനക്കാർ റീൽസിനെപ്പറ്റി പ്രതികരിക്കാതിരിക്കുകയാണ്. വിശ്രമ വേളയെന്നല്ല, ഡ്യൂട്ടി വേളയിൽ റീൽസ് ചെയ്താൽ എന്താണ് കുഴപ്പമെന്ന് ചോദിക്കുന്നവരാണ് ഭൂരിപക്ഷവും. മണിക്കൂറുകൾ നീളുന്ന ജോലിക്കിടയിലെ ഇടവേളയിൽ ഒരു മിനിട്ട് നിരുപദ്രവകരമായ ഒരു വീഡിയോ എടുക്കുന്നതിൽ എന്താണ് തെറ്റ്.
അഭിനന്ദന പ്രവാഹം
റീൽസെടുത്ത നഗരസഭ ജീവനക്കാരെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അഭിനന്ദിച്ചിട്ടുണ്ട്. റീൽ ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഓഫീസ് പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിലാണ് റീലെടുത്തതെന്ന് ജില്ലാ പൊലീസ് മേധാവിയുടെയും നഗരസഭാ സെക്രട്ടറിയുടെയും റിപ്പോർട്ടുകളുണ്ട്. ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം അവധി ദിനത്തിലും ജോലിക്കെത്തിയ ജീവനക്കാർ സർഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് സ്വാഗതാർഹമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടിരിക്കുന്നു. റീൽ എടുത്ത് സമൂഹ മാദ്ധ്യമങ്ങളിൽ ഷെയർ ചെയ്തപ്പോഴല്ല വിവാദമായത്. അതിൽ പാടി അഭിനയിച്ചവർക്ക് നഗരസഭാ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് കൊടുത്തപ്പോഴാണ്. മേലുദ്യോഗസ്ഥരിൽ നിന്ന് ചാേദ്യം വന്നാൽ സ്വന്തം തടിതപ്പാൻ സെക്രട്ടറി കണ്ടെത്തിയ ഉപായമായിരുന്നു നോട്ടീസെന്നു വേണം കരുതാൻ. ഇക്കാര്യം മാദ്ധ്യമങ്ങൾക്ക് കൗതുക വാർത്തയാണ്. പൊതുസമൂഹം റീൽസിനെപ്പറ്റി ചർച്ച ചെയ്യുന്നു. സെക്രട്ടറിയുടെ നടപടിയിലെ ശരിതെറ്റുകളാണ് യഥാർത്ഥത്തിൽ വിലയിരുത്തേണ്ടത്. ഓഫീസ് ജോലികളിലെ പിരിമുറുക്കങ്ങളിൽ നിന്ന് അയവുവരാൻ റീലുകൾ ഒക്കെ നല്ലതുതന്നെ, പക്ഷെ ഒരു കാര്യം മറക്കരുത്, ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന്.