ചെങ്ങന്നൂർ: ചെറിയനാട് വാതക ശ്മശാനം പ്ലാസ്റ്റിക് മാലിന്യകൂമ്പാരകുന്നു. ഹൈന്ദവാചാരപ്രകാരം 100 കണക്കിന് ആളുകളുടെ സംസ്കാര ചടങ്ങുകൾ നടക്കേണ്ട ശ്മശാനം ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംഭരണ കേന്ദ്രമാക്കിയിരിക്കുകയാണ്. 2005ൽ ലക്ഷങ്ങൾ ചെലവഴിച്ചു നിർമ്മിച്ച ശ്മശാനം ഇടയ്ക്ക് പ്രവർത്തനരഹിതമായതോടെയാണ് അടച്ചത്. ചെറിയനാട് പഞ്ചായത്ത് ആവശ്യമായ നടപടികൾ സ്വികരിക്കാത്തതിനാൽ മൃതദേഹം തിരുവല്ലായിലും മാവേലിക്കരയിലും കൊണ്ടുപോയി അടക്കേണ്ട സംസ്കരിക്കേണ്ട സ്ഥിതിയാണ്. നിർമ്മാണത്തിൽ ഉണ്ടായ സാങ്കേതികമായ പിഴവുകളാണ് വാതക ശ്മശാനത്തെ പ്രതികൂലമായി ബാധിച്ചത്. ശ്മശാനത്തിലെ ബർണറിന്റെയും മറ്റും പോരായ്‌മകൾ പരിഹരിച്ച് 2018ലാണ് വിണ്ടും പ്രവർത്തിച്ചത്. 13വർഷം പ്രവർത്തിക്കാതെ കിടന്നു. കൊവിഡ് കാലത്ത് നിരവധി മൃതദേഹങ്ങൾ ഇവിടെയെത്തിച്ച് സം സ്കരിച്ചു. അതിന് ശേഷം വീണ്ടും അടച്ചുപൂട്ടി .
ശോചനീയാവസ്ഥ പരിഹരിക്കണം
കൃത്യമായി അറ്റകുറ്റപ്പണി നടത്തി ശ്മശാനം പ്രവർത്തിപ്പിച്ചാൽ മാലിന്യനിക്ഷേപവും മറ്റും ഒഴിവാക്കുവാനും മൃതദേഹം സംസ്കാരിക്കാൻ ഭൂമിയില്ലാത്തവർക്ക് ആശ്വാസമാകാനും കഴിയുമെന്ന് നാട്ടുകാർ പറയുന്നു. സംസ്കാരത്തിന് വിനിയോഗിക്കാതെയും യഥാസമയം അറ്റകുറ്റപ്പണികൾ നടത്താതെ കെട്ടിടവും പരിസരവും ജീർണ്ണതയിലാണ്. നാലുചുറ്റും കാടുപിടിച്ചു. ഇവിടെ മാസത്തിൽ 12 ദിവസവും മാലിന്യശേഖരം ഇനം തിരിക്കുന്ന ഹരിതകർമ്മസേന അംഗങ്ങൾ ഇഴജന്തുക്കളുടെ ആക്രമണം ഭയന്ന് ജീവഭയത്തോടെയാണ് ജോലി ചെയ്യുന്നത്. കിഴക്കുഭാഗത്തുനിന്നുള്ള റോഡിലാണെങ്കിൽ മത്സ്യമാംസ അവശിഷ്ടങ്ങൾ സാമൂഹ്യവിരുദ്ധർ തള്ളുകയാണ്. ഇതുകാരണം ദുർഗന്ധം രൂക്ഷമാണ്.
........................................................
ചെറിയനാട് വാതക ശ്‌മശാനം ഹരിതകർമസേനയുടെ മാലിന്യ സംഭരണ കേന്ദ്രമായപ്പോൾ ചുറ്റിനും കാടുപിടിച്ചിരിക്കുകയാണ്. ഇത് വൃത്തിയാക്കിയാൽ ഇഴജന്തുക്കളുടെയും നായ്ക്കളുടെ ശല്യവും കുറയ്ക്കാം.
സുധീപ് കുമാർ.
(പ്രദേശവാസി)
........
1. ശ്മശാനം സ്ഥാപിച്ചത് 2005ൽ
2. പ്രവർത്തനം ആരംഭിച്ചത് 2008ൽ
3. പ്രവർത്തിക്കാതെ കിടന്നത് 13 വർഷം